ബാര്‍ക്കോഴക്കേസില്‍ കെ.എം മാണിയുടെ പങ്ക് തെളിയിക്കാന്‍ വിജിലന്‍സിന്‍റെ ശ്രമം
|എജി സിപി സുധാകരപ്രസാദിനോട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്തോമസ് നിയമോപദേശം തേടി.കോടതിയുടെ പരിഗണനയിലിരിക്കുന്ന വിജിലന്‍സിന്‍റെ....
ബാര്‍ക്കോഴക്കേസില്‍ കെ.എം മാണിയുടെ പങ്ക് തെളിയിക്കാന്‍ വിജിലന്‍സിന്‍റെ ശ്രമം.എജി സിപി സുധാകരപ്രസാദടക്കമുള്ളവരോട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്തോമസ് നിയമോപദേശം തേടി.കോടതിയുടെ പരിഗണനയിലിരിക്കുന്ന വിജിലന്‍സിന്‍റെ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിലാണ് നിയമോപദേശം.സര്ക്കാരിന് വേണ്ടി ഹാജരായ വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വി ശശീന്ദ്രന്‍ മാറ്റി നിര്‍ത്തിയാണ് വിജിലന്‍സ് ഡയറക്ടറുടെ നീക്കങ്ങള്‍.
ബാര്‍ക്കോഴക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് കെ.എം മാണിയുടെ പങ്ക് തെളിയിക്കാനുള്ള നീക്കങ്ങള്‍ വിജിലന്‍സ് നടത്തുന്നത്. എസ്.പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്.ഈ റിപ്പോര്‍ട്ട് അംഗീകരിച്ച് കെ.എം മാണിയെ കുറ്റവിമുക്തനാക്കണമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്‍റെ വാദം.എന്നാല്‍ കോടതി കേസ് പരിഗണിക്കുന്പോള്‍ സുകേശന്‍റെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് വീണ്ടും തുടരന്വേഷണം നടത്തണമെന്ന ആവിശ്യം ഉന്നയിക്കാന്‍ കഴിയുമോയെന്ന പരിശോധന നടത്താനാണ് വിജിലന്‍സ് നിയമോപദേശം തേടിയത്.കോടതി പറഞ്ഞ രീതിയില്‍ തുടരന്വേഷണം നടന്നിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് എജിയോടും,വിജിലന്‍സ് ലീഗല്‍ അഡ്വസൈറോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ ഹാജരാവുന്നതില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വി ശശീന്ദ്രനെ മാറ്റണമോയെന്ന കാര്യത്തിലും നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും.ബാര്ക്കോഴക്കേസില്‍ വീണ്ടും ഒരു അന്വേഷണം നടന്നാല്‍ കെ.എം മാണിക്കും യുഡിഎഫിനുമത് കനത്ത തിരിച്ചടിയാകും.