Kerala
ധീരയാണവള്‍, അവളെ ചേര്‍ത്തുപിടിക്കുന്നു: പ്രിയ കൂട്ടുകാരിക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍ധീരയാണവള്‍, അവളെ ചേര്‍ത്തുപിടിക്കുന്നു: പ്രിയ കൂട്ടുകാരിക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍
Kerala

ധീരയാണവള്‍, അവളെ ചേര്‍ത്തുപിടിക്കുന്നു: പ്രിയ കൂട്ടുകാരിക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍

Sithara
|
28 April 2018 3:13 AM GMT

അവള്‍ തകര്‍ന്നില്ല. ഞങ്ങളാണ് തകര്‍ന്നുപോയത്. ആ നിമിഷങ്ങളെ നേരിട്ട അതേ മനക്കരുത്ത് ഇന്നലെയും അവളിൽ ബാക്കിയുണ്ടായിരുന്നു

ഏറ്റവും ഭയാനകമായ ഓര്‍മയുടെ നീറ്റലില്‍ പൊള്ളിനില്‍ക്കുമ്പോഴും തന്റെ കൂട്ടുകാരി ധീരയായിരുന്നെന്ന് ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് മഞ്ജു വാര്യര്‍. അവള്‍ തകര്‍ന്നില്ല. ഞങ്ങളാണ് തകര്‍ന്നുപോയത്. ആ നിമിഷങ്ങളെ നേരിട്ട അതേ മനക്കരുത്ത് ഇന്നലെയും അവളിൽ ബാക്കിയുണ്ടായിരുന്നു. അത് ആർക്കും കവർന്നെടുക്കാനായിട്ടില്ല. ഒരു പെൺകുട്ടിയുടെ മനസ്സിനെ ഒരിക്കലും കീഴ്‌പ്പെടുത്താനാകില്ലെന്ന് അവളുടെ മുഖം ഞങ്ങളോട് പറഞ്ഞു. ആ ധീരതയ്ക്കു മുന്നിൽ സല്യൂട്ട് ചെയ്തു കൊണ്ട് പ്രിയ കൂട്ടുകാരിയെ ചേർത്തു പിടിക്കുന്നുവെന്ന് മഞ്ജു വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

സ്ത്രീ സമത്വമുൾപ്പെടെ പലതിലും മാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന കേരളം ഈ സംഭവത്തില്‍ എന്ത് ഉത്തരം നൽകുമെന്നും മഞ്ജു ചോദിക്കുന്നു. കേവലം പ്രസംഗങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനം. അത് ചോദിച്ചോ, കെഞ്ചിക്കരഞ്ഞോ വാങ്ങേണ്ടതുമല്ല. പുരുഷന് താൻ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാൻ സ്ത്രീക്ക് അവകാശമുണ്ട്. വീടിനകത്തും പുറത്തും ആ പരസ്പരബഹുമാനം ഒരു സംസ്കാരമായി തീരണം. അപ്പോഴേ പുരുഷൻ വേട്ടക്കാരനും സ്ത്രീ ഇരയുമായുന്ന പതിവ് അവസാനിക്കൂ.

സൗമ്യയും ജിഷയുമുണ്ടായപ്പോൾ നമ്മൾ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെക്കുറിച്ചും വീടുകളെക്കുറിച്ചും വിലപിച്ചു. പക്ഷേ ഇവിടെ ആക്രമിക്കപ്പെട്ടത് ഒരു വാഹനത്തിൽ ആൾത്തിരക്കുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്. അപ്പോൾ അടച്ചുറപ്പു വേണ്ടത് മനോനിലയ്ക്കാണ്. ഏതൊരു സ്ത്രീക്കു നേരെയുമുള്ള പുരുഷന്റെ ശാരീരികവും മാനസികവുമായ ആക്രമണങ്ങൾ വികലമായ മനോനിലയുടെയും സംസ്കാരത്തിന്റെയും സൂചനകളാണ്. ഓരോ തവണയും ഇതുണ്ടാകുമ്പോൾ നമ്മൾ പരാതി പറഞ്ഞും ഹാഷ് ടാഗുകൾ സൃഷ്ടിച്ചും കുറച്ചു ദിവസങ്ങൾ കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരു തിരുത്തിനുള്ള പോരാട്ടമല്ലേ ആവശ്യം? താന്‍ അതിന് മുന്നിലുണ്ടാകുമെന്ന് പറഞ്ഞാണ് മഞ്ജു വാര്യര്‍ ഫേസ് ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

Related Tags :
Similar Posts