Kerala
ഫോണ്‍ കെണി വിവാദം: മാധ്യമപ്രവര്‍ത്തകര്‍ ഹാജരായിഫോണ്‍ കെണി വിവാദം: മാധ്യമപ്രവര്‍ത്തകര്‍ ഹാജരായി
Kerala

ഫോണ്‍ കെണി വിവാദം: മാധ്യമപ്രവര്‍ത്തകര്‍ ഹാജരായി

Sithara
|
28 April 2018 11:35 AM GMT

മംഗളം ചെയര്‍മാന്‍ സാജന്‍ വര്‍ഗീസും മന്ത്രിയെ ഫോണ്‍ വിളിച്ച മാധ്യമപ്രവര്‍ത്തകയും പോലീസിന് മുന്‍പില്‍ എത്തിയിട്ടില്ല

എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കാനിടയായ ഫോണ്‍ കെണി വിവാദക്കേസില്‍ എട്ട് പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായി. മംഗളം ചെയര്‍മാന്‍ സാജന്‍ വര്‍ഗീസും മന്ത്രിയെ ഫോണ്‍ വിളിച്ച മാധ്യമപ്രവര്‍ത്തകയും പോലീസിന് മുന്‍പില്‍ എത്തിയിട്ടില്ല. പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അതേസമയം ലാപ്ടോപ്പും ഫോണും കളഞ്ഞുപോയെന്ന് കാണിച്ച് മംഗളം സിഇഒ പോലീസില്‍ പരാതി നല്‍കി.

അന്വേഷണ സംഘം അറസ്റ്റ് ചെയ്യുമെന്ന സൂചനകള്‍ക്കിടെയാണ് മാധ്യമപ്രവര്‍ത്തകരായ എട്ട് പ്രതികള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായത്. മംഗളം സിഇഒ ആര്‍ അജിത്കുമാര്‍, എംപി സന്തോഷ്, ഋഷി കെ മനോജ്, കെ ജയചന്ദ്രന്‍, ലക്ഷ്മി മോഹന്‍, ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ് എന്നിവരെ ചോദ്യം ചെയ്യുകയാണ്. മന്ത്രിയെ വിളിച്ച ഫോണ്‍ സംഭാഷണത്തിന്‍റെ പൂര്‍ണ്ണരൂപം നല്‍കണമെന്ന് പ്രതികളോട് പോലീസ് ആവിശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ണ്ണമായതിന് ശേഷമേ അറസ്റ്റടക്കമുള്ള നടപടികളില്‍ തീരുമാനമാകൂ.

ചാനലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രാജിവെച്ച മാധ്യമപ്രവര്‍ത്തക അല്‍നീമ അഷ്റഫിന്‍റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം ലാപ്ടോപ്പും ഫോണും ഇന്നലെ രാത്രി നഷ്ടപ്പെട്ടുവെന്ന് സിഇഒ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധനക്ക് ശേഷമേ പരാതിയില്‍ പോലീസ് കേസെടുക്കൂ. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.

Similar Posts