ടിന്‍റു ലൂക്കക്കും ജിസ്ന മാത്യുവിനും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ സഹായം നല്‍കുന്നില്ലെന്ന് പിടി ഉഷ
|ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന കായികതാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാറും യാതൊരു ധനസഹായവും നല്‍കിയിട്ടില്ല. പല തവണ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലെന്നും ഉഷ പറഞ്ഞു
ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി ഒളിംപ്യന്‍ പി ടി ഉഷ. ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ കായികതാരങ്ങളായ ടിന്‍റു ലൂക്കക്കും ജിസ്ന മാത്യുവിനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സഹായം നല്‍കുന്നില്ലെന്നും ഉഷയുടെ ആരോപണം. ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും ടിന്‍റുലൂക്കയ്ക്ക് സഹായം നല്‍കാതെ കേന്ദ്രം അവഗണിക്കുന്നെന്നും പിടി ഉഷ മീഡിയവണിനോട് പറഞ്ഞു.
2014 കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയില്‍ 2015ലാണ് ടിന്‍റുലൂക്കയെ ഉള്‍പ്പെടുത്തിയത്. ഒരു കായികതാരത്തിന് ഈ പദ്ധതി പ്രകാരം 30 ലക്ഷം രൂപ ലഭിക്കും. ഒപ്പം വിദേശ പരിശീലനം, പരിശീലന സാമഗ്രികള്‍ എന്നിവയും ലഭ്യമാക്കും. പക്ഷേ ബില്ലുകള്‍ സഹിതം എല്ലാരേഖകളും നല്‍കിയിട്ടും ഇതുവരെ യാതൊരു ധനസഹായവും ലഭിച്ചിട്ടില്ലെന്ന് പി ടി ഉഷ പറഞ്ഞു.
ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന കായികതാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാറും യാതൊരു ധനസഹായവും നല്‍കിയിട്ടില്ല. പല തവണ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലെന്നും ഉഷ പറഞ്ഞു. കഴിവ് തെളിയിച്ചിട്ടും കായികതാരങ്ങളെ സഹായിക്കാത്ത സര്‍ക്കാര്‍ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്നും പിടി ഉഷ പറഞ്ഞു.