Kerala
Kerala

ബാര്‍ക്കോഴ കേസ്: പുറത്തുനിന്ന് അഭിഭാഷകരെ നിയോഗിച്ചത് നിയമവിരുദ്ധം

Alwyn K Jose
|
29 April 2018 4:27 AM GMT

ബാര്‍ക്കോഴക്കേസില്‍ കെഎം മാണിക്കെതിരായ പരാമര്‍ശം നീക്കികിട്ടാന്‍ നല്‍കിയ അപ്പീലില്‍ പുറത്തുനിന്ന് അഭിഭാഷകരെ നിയോഗിച്ചത് നിയവിരുദ്ധമെന്ന് കണ്ടെത്തല്‍.

ബാര്‍ക്കോഴക്കേസില്‍ കെഎം മാണിക്കെതിരായ പരാമര്‍ശം നീക്കികിട്ടാന്‍ നല്‍കിയ അപ്പീലില്‍ പുറത്തുനിന്ന് അഭിഭാഷകരെ നിയോഗിച്ചത് നിയവിരുദ്ധമെന്ന് കണ്ടെത്തല്‍. വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച ഉപസമിതിയുടേതാണ് കണ്ടെത്തല്‍. സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിരിക്കെ ഹൈകോടതിയില്‍ വാദിക്കാന്‍ കപില്‍ സിബലിനെ നിയോഗിച്ചതാണ് നിയമവിരുദ്ധമെന്ന് കണ്ടെത്തിയിരിക്കുന്നത്. നിയമവകുപ്പും ആഭ്യന്തരവകുപ്പും തീരുമാനത്തെ എതിര്‍ത്തിരുന്നതായി കണ്ടെത്തി‍. ഗവ പ്ലീഡര്‍മാര്‍ക്ക് മൂന്ന് വര്‍ഷം കാലാവധി നീട്ടികൊടുത്തതും ചട്ടവിരുദ്ധമെന്നും കണ്ടെത്തി. ഉപസമിതി നാളെയും യോഗം ചേരും.

ബാര്‍കോഴക്കേസില്‍ ഹൈകോടതി കെഎം മാണിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കാന്‍ അപ്പീല്‍ നല്‍കാന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നു. കേസ് വാദിക്കാനായി കപില്‍ സിബലിനെ കൊണ്ടുവരണമെന്നും വിജിലന്‍സ് നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തെ നിയമവകുപ്പും ആഭ്യന്തരവകുപ്പും എതിര്‍ത്തു. എന്നാല്‍ ഈ എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ വിജിലന്‍സ് നിര്‍ദേശത്തെ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിരിക്കെ പുറത്തു നിന്ന് അഭിഭാഷകരെ നിയോഗിച്ചത് നിയമവിരുദ്ധമാണെന്നാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ ഉപസമതി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ ഹാജരായതിന് കപില്‍ സിബലിന് ഇതുവരെ പ്രതിഫലം നല്‍കിയിട്ടില്ല. പ്രതിഫലം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉപസമിതി നിയമവകുപ്പിനോട് ഉപദേശം തേടിയിട്ടുണ്ട്. ഗവ. പ്ലീഡര്‍മാര്‍ക്ക് 2016 മുതല്‍ മൂന്നു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കാനും യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷമുള്ള തീയതി വെച്ച് ഇറക്കിയ ഈ ഉത്തരവും ചട്ടവിരുദ്ധമാണെന്നാണ് ഉപസമിതിയുടെ നിഗമനം. ആഭ്യന്തരം, നിയമം, വിജിലന്‍സ്. വ്യവസായം, നികുതി, നോര്‍ക്ക് വകുപ്പുകളുടെ ഫയലുകളാണ് ഇന്ന് സമിതി പരിശോധിച്ചത്. സമിതി നാളയെും യോഗം ചേരും. ജൂലൈ 31 ഓടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുന്ന രീതിയില്‍ സമിതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനും തീരുമാനിച്ചു.

Similar Posts