Kerala
Kerala

ഏരിയാ സെക്രട്ടറിയുടെ ഗുണ്ടാബന്ധം; അന്വേഷണത്തിന് ഏകാംഗ കമ്മീഷന്‍

Alwyn K Jose
|
29 April 2018 9:09 PM GMT

എളമരം കരീമിനാണ് അന്വേഷണ ചുമതല. എന്നാല്‍ ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ ജയന്തനെതിരെ മറ്റ് നടപടികളിലേക്ക് സംസ്ഥാന നേതൃത്വം കടന്നില്ല.

ഗുണ്ടാബന്ധത്തിന്റെ പേരിൽ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സക്കീർ ഹുസൈനെതിരെ പാർട്ടിതല അന്വേഷണം നടത്താൻ സിപിഎം തീരുമാനം. എളമരം കരീമിനാണ് അന്വേഷണ ചുമതല. എന്നാല്‍ ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ ജയന്തനെതിരെ മറ്റ് നടപടികളിലേക്ക് സംസ്ഥാന നേതൃത്വം കടന്നില്ല.

ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് സക്കീര്‍ ഹുസൈനെതിരായ ആരോപണം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമേ സക്കീറിനെതിരായ തുടര്‍നടപടികളുടെ കാര്യത്തില്‍ നേതൃത്വം തീരുമാനമെടുക്കുകയുള്ളൂ. നിലവില്‍ സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ജില്ലാ കമ്മിറ്റിയില്‍ തുടരുന്നുണ്ട്. ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തണമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികള്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

വടക്കാഞ്ചേരിയിൽ സിപിഎം കൌൺസിലർ ജയന്തൻ സ്ത്രീ പീഡനക്കേസിൽ ഉൾപ്പെട്ടതും സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. ആരോപണവിധേയനായ ജയന്തനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻറ് ചെയ്ത സാഹചര്യത്തിൽ തത്കാലം മറ്റ് നടപടികള്‍ ആവശ്യമില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്. വിഷയത്തില്‍ പൊലീസ് അന്വേഷണത്തിലൂടെ കൂടുതല്‍ വ്യക്തത വന്ന ശേഷം നടപടികളാകാം എന്നാണ് ധാരണ. ഇക്കാര്യത്തില്‍ ജില്ലാ ഘടകത്തിന്റെ താത്പര്യം കൂടി സംസ്ഥാന സെക്രട്ടറിയേറ്റ് പരിഗണിച്ചിട്ടുണ്ട്. സംഭവത്തില്‍ ജയന്തനോടൊപ്പമാണ് ജില്ലാനേതൃത്വം. ജയന്തന്‍ കൌണ്‍സിലര്‍ സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

Similar Posts