മലപ്പുറത്തെ മലയോരമേഖല ഇത്തവണ ആര്‍ക്കൊപ്പം?
|നിലമ്പൂരും വണ്ടൂരും ഏറനാടും കഴിഞ്ഞ തവണ വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തന്നെയാണ്.
യുഡിഎഫിന് ആധിപത്യമുള്ളവയാണ് മലപ്പുറം ജില്ലയുടെ മലയോര മേഖലയിലെ മണ്ഡലങ്ങള്‍. നിലമ്പൂരും വണ്ടൂരും ഏറനാടും കഴിഞ്ഞ തവണ വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തന്നെയാണ്. ഈ മണ്ഡലങ്ങളിലെ രാഷ്ട്രീയ സ്ഥിതി പരിശോധിക്കുകയാണ് മീഡിയവണ്‍.
ഏറനാട് മണ്ഡലം ലീഗിന്റെ ഉറച്ച കോട്ടയാണ്. സിറ്റിങ് എംഎല്‍എ പി.കെ ബഷീര്‍ കഴിഞ്ഞ തവണ വിജയിച്ചത് 11246വോട്ടിന്. രണ്ടാം സ്ഥാനത്തെത്തിയത് സിപിഎം പിന്തുണച്ച സ്വതന്ത്രന്. എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ സിപിഐയുടെ അഷറഫലി കളളിയത്തിന് കിട്ടിയത് 2700 വോട്ട്മാത്രം. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം 18,838 വോട്ടായി ഉയര്‍ന്നു. പി.കെ ബഷീര്‍ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് മുഹമ്മദിന് ലഭിച്ചത് 5687 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ യുഡിഎഫ് ഭൂരിപക്ഷം 3356 വോട്ടായി കുറഞ്ഞു. വി വി പ്രകാശ്, ആര്യാടന് മുഹമ്മദിന്റെ മകന് ഷൌക്കത്ത് എന്നിവരുടെ പേരുകളാണ് നിലമ്പൂരില്‍ യുഡിഎഫ് പരിഗണനയിലുള്ളത്. എല്‍ഡിഎഫിന് മുന്നിലുള്ളത് പി.വി അന്‍വര്‍, ടി.കെ ഹംസ, തോമസ് മാത്യു എന്നിവരുടെ പേരുകളും.
വണ്ടൂരില്‍ എ.പി അനില്‍കുമാറിന് കഴിഞ്ഞ തവണ ലഭിച്ചത് 28,838 വോട്ടിന്റെ ഭൂരിപക്ഷം. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത് 12,267 വോട്ടായി കുറഞ്ഞു. എ.പി അനില്‍കുമാര്‍ തന്നെയാകും ഇത്തവണയും യുഡിഎഫ് സ്ഥനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.