ഇന്തോ - അമേരിക്ക സൈനിക കരാറിനെതിരെ എകെ ആന്റണി
|ഇന്ത്യന്‍ സൈനിക സന്നാഹങ്ങള്‍ ഉപയോഗപ്പെടുത്താവുന്ന ഇന്ത്യ - അമേരിക്ക കരാര്‍ ധാരണക്കെതിരെ മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണി.
ഇന്ത്യന്‍ സൈനിക സന്നാഹങ്ങള്‍ ഉപയോഗപ്പെടുത്താവുന്ന ഇന്ത്യ - അമേരിക്ക കരാര്‍ ധാരണക്കെതിരെ മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണി. കരാറിലൂടെ രാജ്യത്തിന്റെ നയതന്ത്ര പരമാധികാരം നഷ്ടമാകുമെന്നും അമേരിക്കന്‍ സൈനിക ബ്ലോക്കുകളുടെ ഭാഗമായി ഇന്ത്യ മാറുമെന്നും ആന്റണി പറഞ്ഞു. വിവാദങ്ങള്‍ ഭയന്ന് യുപിഎ സര്‍ക്കാര്‍ ഒപ്പിടാന്‍ മടിച്ച ലോജിസ്റ്റിക്സ് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് കരാറിലാണ് ഇന്ത്യയും അമേരിക്കയും തത്വത്തില്‍ ധാരണയായിട്ടുള്ളത്.
അമേരിക്കന്‍ പ്രധിരോധ സെക്രട്ടറി ആസ്റ്റണ്‍ കാര്‍ട്ടറുടെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ലോജിസ്റ്റിക് എക്സേഞ്ച് ഉടമ്പടിയടക്കം പ്രതിരോധ രംഗത്തെ നിരവധി സഹകരണ ശ്രമങ്ങള്‍ക്ക് തത്വത്തില്‍ ധാരണയായത്. പ്രായോഗികമായ ആവശ്യങ്ങള്‍ക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗപ്പെടുത്താനാണ് തീരുമാനം. എന്നാല്‍ ഈ തീരുമാനം വഴി ഇന്ത്യയും അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമാകുമെന്നും 1947 മുതല്‍ ഇന്ത്യ തുടരുന്ന നയങ്ങള്‍ക്ക് എതിരാകുമെന്നുമാണ് മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണിയുടെ പ്രതികരണം. അമേരിക്കന്‍ നാവിക സേനക്ക് 60 ശതമാനത്തോളം കേന്ദ്രങ്ങള്‍ ഏഷ്യന്‍ - പസഫിക്ക് മേഖലയില്‍ സ്ഥാപിക്കാനാകും തരത്തിലാണ് പ്രഖ്യാപനമെന്നും ആന്റണി പറഞ്ഞു. കരാര്‍ ഇന്ത്യയുടെ നയതന്ത്ര പരമാധികാരം നഷ്ടമാക്കുമെന്നും തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും ആന്റണി ആവശ്യപ്പെട്ടു.
പോര്‍ വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും അമേരിക്കന്‍ സൈനികര്‍ക്കും യാത്രാവഴിയില്‍ ഇന്ത്യന്‍ സന്നാഹങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് കരാര്‍. യുദ്ധ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഇന്ധനം നിറക്കുന്നതിനടക്കമുള്ള കാര്യമൊരുക്കുന്നതിലും സഹകരണമുണ്ടാകും. സൈനിക കോപ്പുകളുടെയും ആയുധങ്ങളുടെയും നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പരം അറിയാനാകും. ഈ സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച ആശങ്ക നില നില്‍ക്കുന്നതിനാല്‍ കരാറിന് പച്ചക്കൊടി കാണിക്കാന്‍ ഇന്ത്യ ഇതു വരെ തയ്യാറായിരുന്നില്ല. എന്നാല്‍ സമുദ്രാതിര്‍ത്തിയിലെ ചൈനീസ് നാവിക നീക്കം ഉയര്‍ത്തുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അമേരിക്കയുമായി സഹകരിക്കുന്നതെന്നാണ് വിലയിരുത്തല്‍. അന്തിമ ധാരണയിലെത്തുന്ന മുറക്ക് ഉടമ്പടിയില്‍ വരും മാസങ്ങളില്‍ ഒപ്പു വച്ചേക്കും.