കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലമാറ്റം
|സംഭവത്തില്‍ എഐടിയുസി പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി
കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലമാറ്റം. കഴിഞ്ഞ ദിവസം നടന്ന സമരത്തിന്റെ പേരിലാണ് ഇരുനൂറിലധികം തൊഴിലാളികളെ മാനേജ്മെന്റ് കൂട്ടത്തോടെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. സംഭവത്തില്‍ എഐടിയുസി പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി.
137 ഡ്രൈവര്‍മാരേയും 129 കണ്ടക്ടര്‍മാരേയുമാണ് മാനേജ്മെന്റ് സ്ഥലം മാറ്റിയത്. സമരത്തിന്റെ പേരില്‍ കെഎസ്ആര്‍ടിയില്‍ ഇത്രയും വലിയ നടപടി ഉണ്ടാകുന്നത് ആദ്യമായാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. കൊല്ലത്തെ കരുനാഗപ്പള്ളിയില്‍ മാത്രം 60 ലധികം പേര്‍ക്ക് സ്ഥലംമാറ്റം ലഭിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിന്നും വിദൂര ജില്ലകളിലേക്കാണ് പലരേയും സ്ഥലം മാറ്റിയത്. എഐടിയുസി ബിഎംസ് യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് പുറമേ സമരത്തില്‍ പങ്കെടുത്ത സിഐടിയു, ഐഎന്‍ടിയുസി തൊഴിലാളികള്‍ക്ക് നേരെയും നടപടി ഉണ്ടായി. .
ഭരണപക്ഷ യൂണിയനെതിരെ ഇത്രയും വലിയ നടപടി ഉണ്ടാകുന്നതും കെഎസ്ആര്‍ടിസിയില്‍ മുന്‍പില്ലാത്ത സംഭവമാണ്. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പുറമേ എം പാനല്‍ ജീവനക്കാര്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കും സ്ഥലംമാറ്റം ഉണ്ട്. ഇതിന്റെ പട്ടിക ഉടന്‍ പുറത്തിറങ്ങും. പ്രതികാര നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐടിയുസി നേതാക്കള്‍ മാനേജ്മെന്റിനെ സമീപിച്ചിട്ടുണ്ട്. ഭരണപരമായ സൌകര്യത്തിനായാണ് സ്ഥലംമാറ്റം എന്നാണ് മാനേജ്മെന്റ് മറുപടി നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന അശാസ്ത്രീയമായ പരിഷ്കാരങ്ങള്‍ അവസാനിപ്പിക്കമമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം എഐടിയുസിയും ബിഎംഎസും പണിമുടക്കിയത്.