ബിഡിജെഎസ് - ബിജെപി തര്‍ക്കത്തിന് യോഗത്തില്‍ പരിഹാരമായില്ല
|ബിഡിജെഎസ്, എന്‍ഡിഎ വിടണമെന്ന് വെള്ളാപ്പള്ളി നടേശന്. എന്നാല്‍ നിലവില്‍ എന്‍ഡിഎയില്‍ തന്നെ തുടരാനാണ് തീരുമാനമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.
ബിഡിജെഎസ് - ബിജെപി തര്‍ക്കത്തിന് ചേര്‍ത്തലയില്‍ നടന്ന എന്‍ഡിഎ നേതൃയോഗത്തില്‍ പരിഹാരമായില്ല. ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി യോഗത്തിന് ശേഷം പറഞ്ഞു. ബിഡിജെഎസ്, എന്‍ഡിഎ വിടണമെന്നും ബിജെപിയുടെ ജനരക്ഷാ യാത്രയുടെ സ്വീകരണങ്ങളില്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എന്നാല്‍ നിലവില്‍ എന്‍ഡിഎയില്‍ തന്നെ തുടരാനാണ് തീരുമാനമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.
വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ നല്‍കിയില്ലെന്നും ഘടകക്ഷിയെന്ന നിലയില്‍ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നുമുള്ള ബിഡിജെഎസിന്റെ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയാണ് എന്‍ഡിഎ നേതൃയോഗം ചേര്‍ത്തലയില്‍ വിളിച്ചു ചേര്‍ത്തത്. എന്നാല്‍ യോഗത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല.
കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് 140 സ്ഥാനങ്ങള്‍ വാങ്ങിയെടുക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന് കഴിഞ്ഞുവെന്നും ബിഡിജെഎസിന്റെ കാര്യത്തില്‍ മാത്രമാണ് ഈ സാങ്കേതികത്വങ്ങളും കാലതാമസങ്ങളും ഒക്കെ ഉള്ളതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. തളിരില കാട്ടി ആടിനെ കൊണ്ടു പോകുന്നതു പോലെയാണ് ബിഡിജെഎസിനെ ബിജെപി കൊണ്ടുപോകുന്നത്. അതു മനസ്സിലാക്കി എന്‍ഡിഎ വിടുന്നതാണ് അവര്‍ക്ക് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ അത് വെള്ളാപ്പള്ളി നടേശന്റെ മാത്രം അഭിപ്രായമാണെന്നും നിലവില്‍ എന്‍ഡിഎ വിടുന്നതിനെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.