എച്ച്ഐവി ബാധ ആരോപിച്ച് അംഗനവാടി ജീവനക്കാരിയെ ഊരുവിലക്കി
|മുപ്പത്തിയഞ്ചോളം കുട്ടികളുണ്ടായിരുന്ന അംഗന്‍വാടിയില്‍ നിലവില്‍ ഒരാള്‍ പോലുമില്ല.
എച്ച്ഐവി രോഗമുണ്ടെന്നാരോപിച്ച് അംഗനവാടി ജീവനക്കാരിക്ക് നാട്ടുകാര്‍ ഊരുവിലക്ക് കല്‍പ്പിച്ചതായി ആക്ഷേപം. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തിലെ ഒരു അംഗനവാടിയിലാണ് പാചക തൊഴിലാളിയെ എച്ച്ഐവി ബാധയാരോപിച്ച് നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഒരു കുട്ടി പോലും ഈ അംഗനവാടിയില്‍ പഠിക്കാനെത്തുന്നില്ല.
ഒരു വര്‍ഷം മുന്‍പാണ് മയ്യില്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ അംഗനവാടി ജീവനക്കാരിയുടെ ഭര്‍ത്താവിന് എച്ച്ഐവി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഈ ജീവനക്കാരിയും എച്ച്ഐവി ബാധിതയാണെന്ന തരത്തില്‍ നാട്ടില്‍ വ്യാപക പ്രചാരണം നടന്നു. ഇതോടെ അംഗന്‍വാടിയിലേക്ക് രക്ഷിതാക്കള്‍ കുട്ടികളെ അയക്കാതെയായി. മുപ്പത്തിയഞ്ചോളം കുട്ടികളുണ്ടായിരുന്ന ഈ അംഗന്‍വാടിയില്‍ നിലവില്‍ ഒരാള്‍ പോലുമില്ല.
സംഭവം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും വകുപ്പ് അധികൃതരുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്‍രും ആരോഗ്യ പ്രവര്‍ത്തകരും പ്രദേശത്ത് യോഗം വിളിച്ചങ്കിലും കൃതൃമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളോ തുടര്‍ നടപടികളോ ഉണ്ടായില്ലെന്നാണ് ആക്ഷേപം. ഇതേ സമയം കുട്ടികളെ അംഗന്‍വാടിയില്‍ വിടാത്തത് ഭയം കൊണ്ടാണെന്നും ജീവനക്കാരിയെ നാട് ഊരുവിലക്കിയെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും നാട്ടുകാര്‍ പറയുന്നു.
വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതായും സ്ഥലം എംഎല്‍എ ജെയിംസ് മാത്യു പറഞ്ഞു