Kerala
ആദിവാസി ഊരുകളില്‍ കടുത്ത കുടിവെള്ളക്ഷാമംആദിവാസി ഊരുകളില്‍ കടുത്ത കുടിവെള്ളക്ഷാമം
Kerala

ആദിവാസി ഊരുകളില്‍ കടുത്ത കുടിവെള്ളക്ഷാമം

Subin
|
30 April 2018 6:27 AM GMT

കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലകളില്‍ വെള്ളം ടാങ്കറുകളിലെത്തിക്കാനുള്ള പദ്ധതികളുണ്ടെങ്കിലും അതൊന്നും ഈ ഊരുകളിലേക്കെത്താറില്ല.

വേനല്‍ കനത്തതോടെ വയനാട്ടിലെ ആദിവാസി ഊരുകള്‍ കുടിവെള്ളമില്ലാതെ വലയുകയാണ്. കിലോമീറ്ററുകള്‍ നടന്നാണ് പലരും കുടിവെള്ളമെങ്കിലും കൊണ്ടുവരുന്നത്. വരള്‍ച്ചയില്‍ രക്ഷക്കെത്തേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇങ്ങോട്ടെത്താറില്ല.

വയനാട് പനമരത്തെ നെടുമ്പാലക്കുന്ന് കോളനിയില്‍ മൂന്ന് കിണറും ഒരു കുഴല്‍ കിണറുമുണ്ട്. എന്നാല്‍ ഇതിലൊന്നും കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ല. കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന കുടിവെള്ളം കൊണ്ട് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നു. വെള്ളം കൊണ്ടുവരല്‍ തന്നെ ഒരു ജോലിയായതുകൊണ്ട് മറ്റുജോലിക്കൊന്നും പോവുന്നില്ല.

അഞ്ച് കിലോ മീറ്റര്‍ അകലെയുള്ള കൊയിലേരി പുഴയെയാണ് അലക്കാനും കുളിക്കാനുമൊക്കെ ആശ്രയിക്കുന്നത്. ഇവിടെ പോയിവരാന്‍ ഓട്ടോയ്ക്ക് തന്നെ കൊടുക്കണം നല്ലൊരുതുക. ഉപയോഗശൂന്യമായ കിണറുകള്‍ അല്‍പം കൂടി ആഴത്തില്‍ കുഴിച്ചാല്‍ കോളനിക്കാവശ്യമായ കുടിവെള്ളമെങ്കിലും മുട്ടില്ലാതെ ലഭിക്കും.

കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലകളില്‍ വെള്ളം ടാങ്കറുകളിലെത്തിക്കാനുള്ള പദ്ധതികളുണ്ടെങ്കിലും അതൊന്നും ഈ ഊരുകളിലേക്കെത്താറില്ല. ജലനിധി പദ്ധതി എത്തിക്കാമെന്ന് പഞ്ചായത്ത് ഉറപ്പുനല്‍കിയിരുന്നെങ്കിലും അതും വാഗ്ദാനം മാത്രമായി. ആവശ്യത്തിലധികം കിണറുകളുണ്ടായിട്ടും വര്‍ഷങ്ങളായി തുടരുന്ന തങ്ങളുടെ ദുരിതത്തിന് മൂകസാക്ഷികളാവുകയാണ് നെടുമ്പാലക്കുന്നുകാര്‍.

Similar Posts