ടോമിന്‍ ജെ തച്ചങ്കരിയെ എഡിജിപിയായി നിയമിച്ചതിനെതിരെ കോടതി
|തച്ചങ്കരിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. നിയമനം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പത്ത് ദിവസത്തെ സാവകാശം തേടി
ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ച് സംബന്ധിച്ച് സര്‍ക്കാരിന് വിമര്‍ശം. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന ആളെ എങ്ങനെ ഉന്നതപദവിയില്‍ നിയമിച്ചു. അച്ചടക്ക നടപടി നേരിട്ട വ്യക്തിക്കാണ് നിയമനം നല്‍കിയത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണം. വിശദീകരണം നല്‍കാന്‍ സാവകാശം തേടിയ സര്‍ക്കാര്‍ നടപടിയില്‍ കോടതി അതൃപ്തി അറിയിച്ചു.
തച്ചങ്കരിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. നിയമനം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പത്ത് ദിവസത്തെ സാവകാശം തേടി. സെന്‍കുമാര്‍ പുറത്തു പോകാന്‍ കാത്തിരിക്കുന്നത് കൊണ്ടാണോ സത്യവാങ്മൂലം വൈകിപ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ചീഫ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നത്, എന്നാല്‍ പൊലീസ് അങ്ങനെയാകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. രണ്ട് പേജുള്ള വിശദീകരണമല്ല വേണ്ടതെന്നും വിശദമായ സത്യവാങ്മൂലമാണ് സമര്‍പിക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. ഈ മാസം 28 ന് സത്യവാങ്മൂലം സമര്‍പിക്കാനാണ് നിര്‍ദേശം.
ടി.പി. സെന്‍കുമാര്‍ ഡി.ജി.പിയായി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ടി.പി സെന്‍കുമാര്‍ ഡി.ജി.പിയായി ചുമതലയേല്‍ക്കുന്നതിന് രണ്ടു ദിവസം മുമ്പ് പൊലീസ് ആസ്ഥാനത്ത് മാറ്റം വരുത്തിയത് രാഷ്ട്രീയകാര്‍ക്ക് പൊലീസില്‍ പിടി മുറുക്കാനാണെന്നും ആരോപിച്ചാണ് ഹരജി.