കെ വി എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പതിമൂന്നാം ദിനത്തില്‍
|ശമ്പള വര്‍ദ്ധനവിനായുള്ള സമരത്തില്‍ പങ്കെടുത്ത രണ്ട് നേഴ്‌സുമാരെ ഒരു കാരണവും കാണിക്കാതെ കരാര്‍ കാലാവധി കഴിഞ്ഞെന്ന് കാണിച്ച് പെട്ടെന്ന് പിരിച്ചു വിട്ടതിനെത്തുടര്‍ന്നാണ് ചേര്‍ത്തല കെ വി എം ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്.
ചുറ്റുപാടുമുള്ള എല്ലാവരും ആഘോഷത്തില്‍ മുഴുകിയ നേരത്ത് സമരപ്പന്തലില്‍ മുദ്രാവാക്യം വിളിച്ചാണ് ചേര്‍ത്തല കെ വി എം ആശുപത്രിയിലെ നേഴ്‌സുമാര്‍ പെരുന്നാള്‍ ദിനം ചെലവഴിച്ചത്. മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ക്കെതിരെയുള്ള സമരം പതിമൂന്നാം ദിവസത്തിലെത്തിയിട്ടും പ്രശ്‌നം ഒത്തു തീര്‍പ്പാക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം കൊല്ലത്ത് ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
ശമ്പള വര്‍ദ്ധനവിനായുള്ള സമരത്തില്‍ പങ്കെടുത്ത രണ്ട് നേഴ്‌സുമാരെ ഒരു കാരണവും കാണിക്കാതെ കരാര്‍ കാലാവധി കഴിഞ്ഞെന്ന് കാണിച്ച് പെട്ടെന്ന് പിരിച്ചു വിട്ടതിനെത്തുടര്‍ന്നാണ് ചേര്‍ത്തല കെ വി എം ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. സമരം തുടങ്ങിയ ശേഷം രണ്ടു തവണ ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള ആരും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തില്ല. രണ്ട് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മേഖലാ ലേബര്‍ കമ്മീഷണറുടെ കൊല്ലത്തുള്ള ഓഫീസില്‍ മൂന്നാം ഘട്ടം ചര്‍ച്ചയ്ക്ക് വിളിച്ചു. ഇതിലും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് തീരുമാനമെടുക്കാന്‍ അധികാരമുള്ളവരാരും പങ്കെടുത്തില്ല.
സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കെതിരെ പ്രതികാരനടപടികള്‍ ഉണ്ടാവരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ പരസ്യമായ ലംഘനമാണ് ആശുപത്രി മാനേജ്മമെന്റ് നടത്തിയിരിക്കുന്നതെങ്കിലും ആശുപത്രിക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരും ഇതുവരെ തയ്യാറായിട്ടില്ല.