സാമ്പത്തിക പ്രതിസന്ധി; കൂടുതല്‍ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം
|കേന്ദ്രത്തില്‍ നിന്ന് 6000 കോടി രൂപ വായ്പയെടുക്കുന്നതിനായി ട്രഷറി അക്കൌണ്ടില്‍ ക്രമീകരണം നടത്തും
സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കേന്ദ്രത്തില്‍ നിന്ന് 6000 കോടി രൂപ വായ്പയെടുക്കുന്നതിനായി ട്രഷറി അക്കൌണ്ടില്‍ ക്രമീകരണം നടത്തും. കൂടാതെ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് കൂടി വായ്പയെടുക്കാനാണ് തീരുമാനം.
വിവിധ വകുപ്പുകളുടേതായി 11000 കോടി രൂപയാണ് ട്രഷറി കണക്കിലുള്ളത്. ഈ തുക പൊതുഖജനാവിന്റെ കടമായി പരിഗണിച്ചാല്‍ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വായ്പ ലഭിക്കില്ല. ഇതില്‍ 6000 കോടി രൂപ മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റി അത്രയും തുക കേന്ദ്രത്തില്‍ നിന്ന് വായ്പയെടുക്കാനാണ് ആലോചന. ഇത് സംബന്ധിച്ച ധനവകുപ്പിന്റെ ശിപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇത് കൂടാതെയാണ് വിവിധ ക്ഷേമ നിധി ബോര്‍ഡുകളില്‍ നിന്ന് 1200 കോടിയോളം രൂപ വായ്പയെടുക്കുന്നത്. ജി എസ് ടി പ്രാബല്യത്തിലായ ശേഷം നികുതി വരുമാനം കുറഞ്ഞതും അധിക ചെലവുകളും സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടു. പദ്ധതി ചെലവുകളും 50 ശതമാനം പിന്നിട്ടു. ഇതോടെയാണ് ശമ്പളവും ക്ഷേമ പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതിരിക്കാന്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വന്നത്. പുതിയ വായ്പകളും കേന്ദ്രത്തില്‍ നിന്നുള്ള നികുതി നഷ്ടപരിഹാരവും ലഭിക്കുന്നതോടെ ജനുവരിയില്‍ പ്രതിസന്ധി അയയുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍.