Kerala
ആദിവാസി കോളനികളിലെ വികസന പദ്ധതികളില്‍ വീഴ്ചആദിവാസി കോളനികളിലെ വികസന പദ്ധതികളില്‍ വീഴ്ച
Kerala

ആദിവാസി കോളനികളിലെ വികസന പദ്ധതികളില്‍ വീഴ്ച

Subin
|
30 April 2018 10:04 PM GMT

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് മാത്രം വകയിരുത്തിയത് 122 കോടി രൂപയാണ്. നടപ്പു വര്‍ഷം 50 കോടി രൂപയും വകയിരുത്തി.

കോടികള്‍ ചിലവഴിച്ച് നടപ്പാക്കിയ ആദിവാസി പുരധിവാസ കോളനികളിലെ വികസന പദ്ധതികളില്‍ വന്‍ വീഴ്ച. ആദിവാസി പുനരധിവാസ വികസന മിഷന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരധിവാസ കോളനി വികസന പ്രവര്‍ത്തനങ്ങളിലാണ് വീഴ്ച സംഭവിച്ചത്. വികസന പദ്ധതികള്‍ക്കും ധനസമാഹരണത്തിനുമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാത്തതടക്കമുള്ള കാര്യങ്ങളാണ് വീഴ്ചക്ക് കാരണമായത്.

വിവിധ വകുപ്പുകളുടെ പദ്ധതികള്‍ ഏകോപിപ്പിച്ച് പുനരധിവാസ പ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നായിരുന്നു പുനരധിവാസ വികസന മിഷന്റെ ഭാഗമായ പ്രഖ്യാപനം. ഭവന നിര്‍മാണം അടക്കമുള്ള പശ്ചാത്തല സൗകര്യവികസനം, ജലസേചനവും കൃഷിയുമുള്‍പ്പടെയുള്ള ഭൂവികസന പരിപാടികള്‍, സ്വയം തൊഴില്‍ പദ്ധതി, തുടങ്ങിയവക്കായി ബജറ്റ് തുക വിനിയോഗിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് മാത്രം വകയിരുത്തിയത് 122 കോടി രൂപയാണ്. നടപ്പു വര്‍ഷം 50 കോടി രൂപയും വകയിരുത്തി. എന്നാല്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും ആദിവാസി കോളനികളില്‍ നടന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പുനരധിവാസ കോളനികള്‍ക്ക് പ്രത്യേകം പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നില്ല. ഭവന നിര്‍മാണവും പാളി. ആദ്യത്തെ പുനരധിവാസ കോളനിയായ മറയൂരില്‍ 54 വീടുകളുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇടുക്കി ജില്ലയില്‍ മാത്രം 485 വീടുകള്‍ പൂര്‍ത്തിയാക്കാനുണ്ട്. പുനരധിവസിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനത്തിനുള്ള പദ്ധതികള്‍ നടപ്പായില്ല. അനധികൃത കൈയേറ്റങ്ങള്‍ നടന്ന കോളനികളില്‍ ഒഴിപ്പിക്കല്‍ നടപടി പോലും പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്നതും ആദിവാസികളുടെ ജീവിതം വിഷമകരമാക്കിയിരിക്കുകയാണ്.

Related Tags :
Similar Posts