Kerala
മലാപറമ്പ് സ്കൂള്‍ പൂട്ടി; യുഡിഎഫിനെ കുറ്റപ്പെടുത്തി പിണറായിമലാപറമ്പ് സ്കൂള്‍ പൂട്ടി; യുഡിഎഫിനെ കുറ്റപ്പെടുത്തി പിണറായി
Kerala

മലാപറമ്പ് സ്കൂള്‍ പൂട്ടി; യുഡിഎഫിനെ കുറ്റപ്പെടുത്തി പിണറായി

admin
|
30 April 2018 2:05 PM GMT

മലാപറമ്പ് സ്കൂള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് കോടതിവിധി നടപ്പാക്കണമെന്ന് ഹൈക്കോടതി.

കോഴിക്കോട് മലാപറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടി. ഇതിനായി എത്തിയ എഇഒ സ്‍കൂള്‍ രേഖകള്‍ ഏറ്റുവാങ്ങി. ഇനി കോഴിക്കോട് കലക്ടറേറ്റിലെ മുറിയില്‍ ആയിരിക്കും മലാപറമ്പ് സ്കൂളിലെ വിദ്യാര്‍ഥികളുടെ പഠനം. ഇതിനിടെ മലാപറമ്പ് സ്കൂള്‍ പൂട്ടേണ്ടി വന്ന സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. മാനേജ്മെന്റിന്റെ റിയല്‍ എസ്റ്റേറ്റ് താത്പര്യത്തോടൊപ്പം മുന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു. മുന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതാണ് സ്കൂളുകള്‍ പൂട്ടാന്‍ കാരണമെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിനാണോ മാനേജ്മെന്റിനാണോ റിയല്‍ എസ്റ്റേറ്റ് താത്പര്യമെന്ന് മനസിലാകുന്നില്ലെന്നും പിണറായി വിമര്‍ശിച്ചു.

നേരത്തെ, കോഴിക്കോട് മലാപറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആദ്യം കോടതി ഉത്തരവ് നടപ്പിലാക്കിയ ശേഷം മാത്രമേ സ്കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോവാന്‍ കഴിയൂ എന്ന് കോടതി അറിയിച്ചു.

സ്കൂള്‍ പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജിയാണ് ഹൈക്കോടകി ഇന്ന് പരിഗണിച്ചത്. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് അറിയിച്ചു. എന്നാല്‍ സാങ്കേതികമായി കോടതി ഉത്തരവുകള്‍ നടപ്പാക്കിയ ശേഷം മാത്രമേ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ കഴിയുകയുള്ളൂ എന്ന് കോടതി അറിയിച്ചു. കോടതിയലക്ഷ്യ നടപടികള്‍ തീര്‍പ്പാക്കണം. അതിന് സ്കൂള്‍ പൂട്ടി അക്കാര്യം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിക്കണം. സ്കൂള്‍ പൂട്ടുന്നതിനെതിരായി ജനകീയ സമരങ്ങള്‍ നടക്കുകയാണെന്ന് എജി അറിയിച്ചപ്പോള്‍ അത് കോടതി ഉത്തരവ് നടപ്പാക്കാന്‍ തടസ്സമാവരുതെന്ന് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ പറഞ്ഞു. സ്കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സ്കൂള്‍ മാനേജ്മെന്റും അറിയിച്ചു.

ജൂണ്‍ പത്താം തിയ്യതിയാണ് കേസ് വീണ്ടും പരിഗണിക്കുക. അതിന് മുന്‍പ് സ്കൂള്‍ പൂട്ടി അക്കാര്യം കേസ് പിരിഗണിക്കുമ്പോള്‍ അറിയിക്കേണ്ടിവരും. അതേസമയം സ്കൂള്‍ ഏറ്റെടുക്കാനുള്ള നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് മീഡിയവണിനോട് പറഞ്ഞു.

കോടതിവിധി മാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കോടതിയുടെ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് സ്കൂളുകള്‍ ഏറ്റെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂളുകള്‍ പൂട്ടി റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സ്കൂളുകള്‍ സംരക്ഷിക്കാന്‍ ശ്രമിക്കും. വിദ്യാഭ്യാസചട്ടം പരിഷ്കരിക്കുന്നതിന് ആവശ്യമായത് ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരാണ് സ്കൂളുകളെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് നയിച്ചതെന്ന് പ്രദീപ്കുമാര്‍ എംഎല്‍എയും പറഞ്ഞു.

മലാപറമ്പ് സ്കൂളിലെ പല കെട്ടിടങ്ങളും പൊതു ഫണ്ടുകളുപയോഗിച്ച് നിര്‍മിച്ചവയാണ്. ഇവ സംരക്ഷിക്കാനുള്ള സര്‍ക്കാരിന് ബാധ്യതയുണ്ട്. കോടതി മുഖാന്തിരം അവയുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് മീഡിയവണിനോട് പറഞ്ഞു.

Similar Posts