വരവില്‍ കവിഞ്ഞ സ്വത്ത്: കെ സി ജോസഫിനെതിരെ ത്വരിത പരിശോധന
|വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുന്‍മന്ത്രി കെ സി ജോസഫിനെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുന്‍മന്ത്രി കെ സി ജോസഫിനെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയുടെ പരാതിയിലാണ് തലശേരി വിജിലന്‍സ് കോടതിയുടെ നടപടി. കോഴിക്കോട് വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കെ സി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്റെയും ഭാര്യയുടെയും ആകെ വരുമാനമായി രേഖപ്പെടുത്തിയിരുന്നത് പതിനാറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം രൂപയായിരുന്നു. എന്നാല്‍ 2016ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഇത് ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷമായി ഉയര്‍ന്നു. ആദായ നികുതി വകുപ്പിന് കെ സി ജോസഫ് നല്‍കിയ കണക്കിലാവട്ടെ ആകെ വരുമാനം തൊണ്ണൂറ്റി ഏഴ് ലക്ഷത്തി നാല്‍പ്പത്തി മൂവായിരത്തി തൊളളായിരത്തി പത്ത് രൂപയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കില്‍ മുപ്പത്തിമൂന്ന് ലക്ഷം രൂപയുടെ അധിക വരുമാനം കെസിക്ക് ഉളളതായി കാണുന്നു. ഇതില്‍ നിന്ന് ബാങ്ക് നീക്കിയിരിപ്പ് കുറച്ചാലും വന്‍തുക അനധികൃത സമ്പാദ്യമായി കെ സി ജോസഫിന്റെ കയ്യിലുണ്ടെന്നാണ് പരാതി.
ആദായ നികുതി വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ തന്റെയും ബാങ്ക് ജീവനക്കാരിയായ ഭാര്യയുടെ ശമ്പളവുമല്ലാതെ മറ്റ് വരുമാനങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനധികൃത സമ്പാദ്യം എങ്ങനെ വന്നു എന്ന് പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതി ഫയലില്‍ സ്വീകരിച്ച് ത്വരിത പരിശോധനക്ക് ഉത്തരവിട്ട തലശേരി വിജിലന്‍സ് കോടതി ജഡ്ജി അടുത്ത മാസം പതിനാറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. വിജിലന്‍സ് കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണ ചുമതല.