Kerala
Kerala

ട്രെയിന്‍ പാളം തെറ്റിയ സംഭവം: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് റെയില്‍വെ

Sithara
|
1 May 2018 9:26 AM GMT

അങ്കമാലി കറുകുറ്റിയില്‍ തിരുവനന്തപുരം - മംഗലാപുരം എക്സ്‍പ്രസ് ട്രെയിന്‍ പാളം തെറ്റിയ ശേഷം 16 മണിക്കൂറിലധികം എടുത്താണ് ബോഗികൾ ട്രാക്കിൽ നിന്നും മാറ്റിയത്

അങ്കമാലി - കറുകുറ്റി ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് വിലയിരുത്തല്‍. ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പാളത്തില്‍ തകരാറുണ്ടെന്ന വിവരം നേരത്തേ അറിഞ്ഞിട്ടും നടപടിയെടുത്തില്ല. സംഭവത്തില്‍ റെയില്‍വെയുടെ ഉന്നതതല അന്വേഷണം നാളെ ആരംഭിക്കും.

അതേസമയം കറുകുറ്റിയില്‍ തിരുവനന്തപുരം - മംഗലാപുരം എക്സ്‍പ്രസ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഇന്നലെ രാത്രിയോടെയും മറ്റിടങ്ങളിലേക്കുള്ളവ ഇന്ന് രാവിലെയുമാണ് പുനസ്ഥാപിച്ചത്. ചില ട്രെയിനുകളുടെ സമയക്രമം മാറ്റിയതായും 9 ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വെ അറിയിച്ചു.

അങ്കമാലി കറുകുറ്റിയിലെ ട്രെയിന്‍ അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് റെയില്‍വേയുടെ വിലയിരുത്തല്‍. പാളത്തിന് വിള്ളലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നാണ് സൂചന.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായ പശ്ചാത്തലത്തില്‍ അച്ചടക്ക നടപടിയുമാണ്ടായേക്കും. റെയില്‍ പാളത്തിന് വിള്ളലുണ്ടെന്ന് നേരത്തെ അറിവുണ്ടായിട്ടും പ്രശ്നം പരിഹരിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അച്ചടക്കനടപടിയുമുണ്ടാകും. സംഭവത്തില്‍ ഉന്നതതല അന്വേഷണം നാളെ ആരംഭിക്കും. അന്വേഷണത്തിന് മുന്നോടിയായി സൌത്ത് ഏരിയ മാനേജരുടെ കാര്യാലയത്തില്‍ നാളെ യോഗം ചേരും. ദക്ഷിണ റെയില്‍വേ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജോണ്‍ തോമസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, എഞ്ചിനീയറിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

ട്രെയിന്‍ പാളം തെറ്റിയത് കാരണം അവതാളത്തിലായ റെയില്‍ ഗതാഗതം ഇന്ന് രാവിലെയോടെ പൂര്‍ണമായും പുനസ്ഥാപിച്ചു. ഇന്‍റര്‍സിറ്റി ഉള്‍പ്പെടെ 9 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ട്രെയിനുകളുടെ സമയക്രമത്തിലുണ്ടായ മാറ്റം യാത്രക്കാര്‍ക്ക് അസൌകര്യമുണ്ടാക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷ

Related Tags :
Similar Posts