മലമ്പുഴയില്‍ മല്‍സരിക്കാന്‍ ഇത്തവണ പാര്‍ട്ടി നിയോഗിക്കുമെന്ന് കരുതുന്നില്ല: ലതിക സുഭാഷ്
|മലമ്പുഴയില്‍ മല്‍സരിക്കാന്‍ ഇത്തവണ പാര്‍ട്ടി നിയോഗിക്കുമെന്ന് കരുതുന്നില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്.
മലമ്പുഴയില്‍ മല്‍സരിക്കാന്‍ ഇത്തവണ പാര്‍ട്ടി നിയോഗിക്കുമെന്ന് കരുതുന്നില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്. പാര്‍ട്ടിയുടെ നിര്‍ദ്ദേശം ഏറ്റെടുക്കുമെന്നും ഭര്‍ത്താവ് കെ ആര് സുഭാഷിനെ പരിഗണിച്ചാല്‍ അതില്പരം സന്തോഷമുണ്ടാകില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.
വിഎസ് അച്യുതാനന്ദനായി സിപിഎം മലമ്പുഴ ഒഴിച്ചിട്ടിരിക്കുന്നതായി വാര്‍ത്തകള്‍ വരുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് ലതികാ സുഭാഷിന്റേത്. വിഎസിനെ നേരിടാന്‍ ചാവേറാണെന്ന് അറിഞ്ഞിട്ടും 2011ല്‍ മലമ്പുഴയിലേക്ക് തിരിക്കുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ച ഔത്യം പൂര്‍ണമായി ഏറ്റെടുത്താണ് ലതികാ സുഭാഷ് നീങ്ങിയത്. എന്നാല്‍ ഇത്തവണ മലമ്പുഴയില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി നിയോഗിക്കുമെന്ന് കരുതുന്നില്ലെന്നാണ് ലതിക സുഭാഷിന്റെ വിശ്വാസം.
കഴിഞ്ഞ തവണത്തെ മല്‍സരത്തില്‍ വിഎസിന്റെ വിവാദമായ പരാമര്‍ശം ഇന്നും വേദനിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ വിഎസിനോട് പിണക്കമോ പരിഭവമോ ഇല്ലെന്നും ലതിക പറയുന്നു. അന്തരിച്ച സുകുമാര്‍ അഴീക്കോട് അന്നു നല്കിയ പിന്തുണ ഏറെ ശക്തി പകര്‍ന്നെന്നും അവര്‍ പറയുന്നു.
എറണാകുളം ജില്ലയിലെ വൈപ്പിനില്‍നിന്ന് പല തവണ ജില്ലാ പഞ്ചായത്ത് അംഗമായ ഭര്‍ത്താവ് കെ ആര് സുഭാഷിനെ ഇത്തവണ നിയമസഭാ സീറ്റിലേക്ക് പാര്‍ട്ടി പരിഗണിച്ചാല്‍ ഏറെ സന്തോഷിക്കുന്നത് താനാകുമെന്നും ലതിക പറയുന്നു. കെപിസിസി നിര്‍വാഹക സമിതിയംഗം കൂടിയാണ് കെ ആര് സുഭാഷ്. മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകരായ കുടുംബത്തില്‍ സീറ്റിനല്ല പ്രാധാന്യം. മറിച്ച് അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുക എന്നതാണ് മുഖ്യമെന്ന് ലതിക വ്യക്തമാക്കുന്നു.