ചലച്ചിത്ര മേള: ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ
|ട്രാന്‍സ്ജന്‍ഡേഴ്സിന് അപേക്ഷയില്‍ പ്രത്യേക കോളമുണ്ടാകും.
21 ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും. വൈബ്സൈറ്റ് വഴിയും ചലച്ചിത്ര അക്കാദമി കൌണ്ടറുകളിലും രജിസ്റ്റര്‍ ചെയ്യാം. ട്രാന്‍സ്ജന്‍ഡേഴ്സിന് അപേക്ഷയില്‍ പ്രത്യേക കോളമുണ്ടാകും. കുടിയേറ്റം പ്രമേയമാക്കിയാണ് ഇത്തവണത്തെ മേളയെന്ന് ചലച്ചിത്ര അകാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.
നാളെ മുതല്‍ ഈ മാസം ഇരുപത്തി അഞ്ചാം തീയതി വരെയാണ് രജിസ്ട്രേഷന് അവസരമുണ്ടാവുക. ഡിസംബര്‍ 9 ന് ആരംഭിക്കുന്ന മേള 16ന് അവസാനിക്കും. വിദ്യാര്‍ഥികള്‍ക്ക് 300 രൂപയും മറ്റുള്ളവര്‍ക്ക് 500 രൂപയുമാണ് ഫീസ്. വിദ്യാര്‍ഥികളുടെ ഐഡി അക്കാദമി പരിശോധിച്ച ശേഷമേ കുറഞ്ഞ ഫീസില്‍ പാസ് അനുവദിക്കൂ. 3 ദിവസം വരെ സമയമെടുത്താകും വിദ്യാര്‍ഥി പാസ് അനുദിക്കുക. വിദ്യാര്‍ഥി പാസിന്റെ എണ്ണം കുറക്കാനും അകാദമി തീരുമാനിച്ചു. 13 തിയേറ്ററുകളിലായി 180 ലധികം സിനിമകളെത്തുന്ന മേളക്കായി 13000 പാസുകള്‍ അനുവദിക്കും. പാസുകള്‍ ബാക്കിയുണ്ടെങ്കില്‍ 25ന് ശേഷം 700 രൂപ നിരക്കില്‍ പാസ് അനുവദിക്കും. കുടിയേറ്റം പ്രമേയമാക്കിയാണ് ഇത്തവണത്തെ മേളയെന്ന് ചലച്ചിത്ര അകാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രത്യേക കോളം അപേക്ഷ ഫോറത്തിലുണ്ടാവും. ഇവര്‍ക്ക് പ്രത്യേകമായ വാഷ് റൂം ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. സിനിമ ടിവി പ്രൊഫഷണലുകള്‍ക്ക് പ്രത്യേക പാസും അനുവദിക്കും. ഫെസ്റ്റിവെലിന് മുന്നോടിയായി ടൂറിങ് ടാക്കീസും അക്കാദമി ഒരുക്കിയിട്ടുണ്ട്. രണ്ട് മലയാള ചിത്രങ്ങളും രണ്ട് ഇന്ത്യന്‍ ചിത്രങ്ങളും ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലെത്തുന്നത്.