യുഡിഎഫിന്റെ അവസാനകാല ഉത്തരവുകളില്‍ നിയമലംഘനമെന്ന് സിഎജി
|മെത്രാന്‍ കായലും കടമക്കുടിയും ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ നെല്‍വയല്‍, തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനമുണ്ടായി
യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തെ വിവാദ ഉത്തരവുകളില്‍ സിഎജി നിയമലംഘനം കണ്ടെത്തി. മെത്രാൻ കായലും കടമക്കുടിയും ഉൾപ്പെടെയുള്ള പദ്ധതികളിൽ നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ ലംഘനം ഉണ്ടായി. ബിയർ - വൈൻ പാർലറുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടികളിൽ സുതാര്യത പാലിച്ചില്ലെന്നും സിഎജി വിമര്‍ശിച്ചു.
യുഡിഎഫ് സർക്കാരിന്റെ വിവാദഭൂമി ഇടപാടുകളിൽ എല്ലാം വൻക്രമക്കേട് ഉണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തൽ. ഹരിപ്പാട് മെഡിക്കല്‍ കോളജ്, മെത്രാൻ കായൽ, കോട്ടയം ഇടനാഴി, മൊബിലിറ്റി ഹബ് തുടങ്ങിയ പദ്ധതികൾക്ക് വ്യവസ്ഥകൾ പാലിക്കാതെയാണ് അനുമതി നൽകിയതെന്നാണ് വിമർശം. ഈ പദ്ധതികളിൽ എല്ലാം സർക്കാർ നെൽവയൽ നീർത്തട ഭൂമി രൂപമാറ്റത്തിന്റെ ചട്ടങ്ങൾ ലംഘിച്ചു. മൂന്നാറിലെയും വാഗമണ്ണിലെയും വൻകിട ഭൂമി കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ സർക്കാർ വൻ പരാജയമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
2013 മുതൽ 2016 വരെയുളള കാലയളവിൽ ബിയർ - വൈൻ പാർലറുകൾക്ക് ലൈൻസൻസ് അനുവദിച്ചതിലും സിഎജി വീഴ്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശീയ പാതയോരത്ത് മദ്യശാലകൾക്ക് അനുമതി നൽകരുതെന്ന സുപ്രീംകോടതി നിർദേശം മറികടന്ന് സംസ്ഥാനം 10 മദ്യശാലകൾക്ക് അനുമതി നൽകി. 418 ബാറുകളിൽ ശുചിത്വ പരിശോധന പൂർത്തിയാകും മുമ്പ് സർക്കാർ 2014 - 15 വർഷത്തെ മദ്യനയം പ്രഖ്യാപിച്ചെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. 3.69 ലക്ഷം കെയ്സ് ഗുണനിലവാരമില്ലാത്ത ബ്രാൻഡി വിറ്റഴിച്ചു. ഗുണനിലവാരമില്ലെന്ന് കണ്ട് മരവിപ്പിച്ച 1.07 ലക്ഷം ലിറ്റർ മദ്യം മാറ്റുന്നതിൽ എക്സൈസിന് വീഴ്ച പറ്റി.
2016 മാർച്ച് 31വരെ 2323.02 കോടി രൂപ റവന്യൂ കുടിശിക ഇനത്തിൽ പിരിച്ചെടുക്കാനുണ്ട്. സ്വർണത്തിന് ഏർപ്പെടുത്തിയ വാങ്ങൽ നികുതിയിനത്തിൽ 184 വ്യാപാരികൾ 2475.55 കോടി നൽകാനുണ്ടെന്നും സിഎജി കണ്ടെത്തി.