Kerala
മാണിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് ഇന്നും തുറന്ന് പറഞ്ഞ് പി ജെ ജോസഫ്മാണിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് ഇന്നും തുറന്ന് പറഞ്ഞ് പി ജെ ജോസഫ്
Kerala

മാണിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് ഇന്നും തുറന്ന് പറഞ്ഞ് പി ജെ ജോസഫ്

Khasida
|
1 May 2018 4:02 PM GMT

ഇനി കെ എം മാണി സാറില്ല, വെറും കെ എം മാണിയെന്ന് കോട്ടയത്തെ കോണ്‍ഗ്രസ് നേതൃയോഗം

കേരളാ കോണ്‍ഗ്രസ് എ-മ്മില്‍ ഉടലെടുത്ത പ്രതിസന്ധി കൂടുതല്‍ മൂര്‍ഛിക്കുന്നു. കെഎം മാണിയുമായി ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടന്ന് പി ജെ ജോസഫ് ഇന്നും തുറന്ന് പറഞ്ഞു. പാര്‍ട്ടിയിലുള്ളവരെ ഒപ്പം നിര്‍ത്താനുള്ള അനുനയ ശ്രമങ്ങള്‍ മാണി തുടരുകയാണ്. മാണി ഇടപെട്ടതിനെ തുടർന്ന് ഇ ജെ അഗസ്തി രാജി പിൻവലിച്ചു. തിങ്കളാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും.

കോട്ടയം കൂട്ടുകെട്ടില്‍ അതൃപ്തിയുള്ള പഴയ ജോസഫ് വിഭാഗം കെ എം മാണിക്ക് പിടികൊടുക്കാതെ ഒഴിഞ്ഞ് മാറി നടക്കുകയാണ്. തങ്ങളോട് ആലോചിക്കാതെ നിര്‍ണ്ണായക തീരുമാനം എടുത്തതിനാല്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകേണ്ടന്നാണ് ഇവരുടെ നിലപാട്. ഇതുകൊണ്ടാണ് ഇന്നലത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നതും.

തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ പി ജെ ജോസഫും, മോന്‍സ് ജോസഫും പങ്കെടുക്കും. അതേ സമയം പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കെ എം മാണി ഊര്‍ജിതമാക്കി. തനിക്കൊപ്പമുള്ളവരുടെ എതിര്‍പ്പ് ഇല്ലാതാക്കാനാണ് മുന്‍ഗണന. മാണിയുടെ ഈ നീക്കം വിജയിച്ചുവെന്നതിന്റെ സൂചനയാണ് ഇ ജെ അഗസ്തി രാജി പിന്‍വലിച്ചതില്‍ നിന്ന് മനസ്സിലാകുന്നത്. നിലവിലെ സാഹചര്യങ്ങള്‍ മുതലെടുത്ത് കേരള കോണ്‍ഗ്രസിലുള്ള ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാനുള്ള നീക്കം കോണ്‍ഗ്രസും സജീവമാക്കിയിട്ടുണ്ട്.

അതേസമയം കെ എം മാണിയോടുള്ള കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് ഉമ്മന്‍‌ചാണ്ടി ഇന്നും ആവര്‍ത്തിച്ചു. മാണിയുടെ നിലപാടില്‍ കേരള കോണ്‍ഗ്രസ് നേതാക്കളിലും അണികളിലും അതൃപ്തിയുണ്ട്. ഒന്നിച്ചെടുത്ത തീരുമാനമാണ് കോട്ടയത്ത് മാണി ഗ്രൂപ്പ് അട്ടിമറിച്ചത്, അത് അംഗീകരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു.

കെ എം മാണിക്കും ജോസ് കെ മാണിക്കും എതിരെ ഇന്നലെ നടന്ന കോട്ടയം ഡിസിസി നേതൃയോഗത്തില്‍ വിമര്‍ശം. രാഷ്ട്രീയ വഞ്ചനയാണെന്നും കൈവെള്ളയിലാണ് മാണിയെ കൊണ്ടുനടന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് എന്നിവരും രൂക്ഷമായ ഭാഷയില്‍ വിമര്‍ശം ഉന്നയിച്ചു. യോഗത്തില്‍ മാണിയെയും ജോസ് കെ മാണിയെയും വിമര്‍ശിച്ച് പ്രമേയവും പാസാക്കി.

കോട്ടയത്ത് എല്ലാ പിന്തുണയും നല്കിയിട്ടും കെ എം മാണിയും ജോസ് കെ മാണിയും നെറികേട് കാട്ടിയെന്ന വിമര്‍ശമാണ് ഡിസിസി നേതൃയോഗത്തില്‍ ഉയര്‍ന്ന് വന്നത്. മുന്നണി വിട്ട് പോയതിലല്ല ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചതാണ് തന്നെ വിഷമിപ്പിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഷ്ട്രീയ വഞ്ചനയാണ് മാണി കാട്ടിയത്. കൈവെള്ളയില്‍ കൊണ്ടുനടന്ന മാണി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് സംസാരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും കെ എം മാണിയെയും ജോസ് കെ മാണിയെയും രൂക്ഷമായി വിമര്‍ശിച്ചു. സംസാരത്തിനിടയില്‍ മാണിസാര്‍ എന്ന വിളി പോലും ഒഴിവാക്കാന്‍ ഇവര്‍ തയ്യാറായി. ശ്രീ കെ എം മാണി, ഇനി കെ എം മാണി സാറില്ല വെറും കെ എം മാണിയെന്നായിരുന്നു പ്രസംഗത്തിനിടെ കെ സി ജോസഫിന്റെ പരാമര്‍ശം. മാണിയും ജോസ് കെ മാണിയും കാട്ടിയത് ചതിയാണെന്നും ഇവരുമായി യാതൊരു കൂട്ടുകെട്ടും ഉണ്ടാകില്ലെന്നും യോഗത്തില്‍ പ്രമേയവും പാസാക്കി.

എന്തായാലും കോട്ടയം ജില്ലയില്‍ കെ എം മാണി സ്വീകരിച്ച നിലപാട് വീണ് കിട്ടിയ അവസരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ലോക്‍സഭ സീറ്റിലും നിയമസഭ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം വരെ കോണ്‍ഗ്രസ് കൈക്കൊണ്ടതായാണ് സൂചന. യുഡിഎഫിലേക്ക് മടങ്ങിവരാനുള്ള എല്ലാ വാതിലുകളും കോണ്‍ഗ്രസ് നേതൃത്വം കൊട്ടിയടച്ചതും ഇതുകൊണ്ടാണെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ ഭൂരിഭാഗം നിയമസഭ സീറ്റുകളും ലോക്‍സഭ സീറ്റും കേരള കോണ്‍ഗ്രസിന്റെ കൈവശമാണ്. ജില്ല പഞ്ചായത്തില്‍ മാണി വിഭാഗം, സിപിഎം പിന്തുണ തേടിയത് വഞ്ചനയാണെന്ന് പറയുമ്പോഴും ഇത് മുതലെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. മാണി നിലപാട് മയപ്പെടുത്തിയിട്ടും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ജില്ലാ നേതൃത്വം നടത്താത്തത് ഇതുകൊണ്ടാണെന്നാണ് സൂചന.സംഘടന ശക്തിപ്പെടുത്തി ജില്ലയില്‍ കോണ്‍ഗ്രസുകാര്‍ക്ക് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാക്കാനാണ് ശ്രമം.

യുഡിഎഫ് വിട്ട മാണി വിഭാഗത്തെ തിരികെ കൊണ്ടുവരാന്‍ ചില ഘടക കക്ഷികള്‍ ശ്രമം നടത്തിയെങ്കിലും, യുഡിഎഫിലേക്കുള്ള എല്ലാ വഴികളും ഈ സംഭവത്തിലൂടെ അടയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. പല സീറ്റുകളിലും കേരള കോണ്‍ഗ്രസിന്റെ പിന്തുണ വേണ്ടി വരുന്നതിനാലാണ് മറ്റ് നേതാക്കളെ
പഴിക്കാതെ കെ എം മാണിയും ജോസ് കെ മാണിയെയും മാത്രം കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നതെന്നാണ് വിലയിരുത്തല്‍.

Related Tags :
Similar Posts