ദിലീപിന് ജാമ്യമില്ല
|ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കോടതി
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പതിനൊന്നാം പ്രതി ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. സുപ്രീംകോടതിയെ സമീപിക്കുക മാത്രമാണ് ദിലീപിന് മുന്നിലുള്ള ഏക വഴി. കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ ഇതിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് രണ്ടാം തവണയാണ് ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ദീലീപിനെയും അഭിഭാഷകനായ പ്രതീഷ് ചാക്കോയെയും ചോദ്യം ചെയ്തപ്പോള്‍ പ്രധാന തെളിവുകളായ സിംകാര്‍ഡും മൊബാലും നശിപ്പിച്ചതായാണ് പറഞ്ഞതെങ്കിലും ഇത് കണ്ടെത്തേണ്ടതുണ്ടെന്നും കോടതി.
ദിലീപിനായി അഡ്വക്കേറ്റ് ബി രാമന്‍ പിള്ള നീണ്ട വാദമാണ് ഹൈക്കോടതിയില്‍ നടത്തിയത്. തന്നെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടന്നെന്നും കേസില്‍ കുറ്റക്കാരനല്ലെന്നുമാണ് ദിലീപിന്റെ പ്രധാന വാദം. എന്നാല്‍ ദിലീപിന് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കുമെന്നാണ് ഡിജിപി മഞ്ചേരി ശ്രീധരന്‍ നായരുടെ വാദം. ഒട്ടേറെ കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയെന്ന ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ദിലീപിനെ കുറ്റക്കാരനാക്കാനാകില്ലെന്നതാണ് അഭിഭാഷകന്റെ വാദം.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്‍പത് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെങ്കിലും ദിലീപും പള്‍സര്‍ സുനിയും ഈ ഫോണുപയോഗിച്ചതിന് പോലീസിന് തെളിവ് ലഭിച്ചിട്ടില്ല. പോലീസും മാധ്യമങ്ങളും ചേര്‍ന്ന് ദിലീപിനെതിരെ തിരക്കഥ എഴുതുകയാണ്. എഡിജിപി ബി സന്ധ്യ കേസില്‍ അനാവശ്യമായി ഇടപെട്ടു. ചോദ്യം ചെയ്യലിനോട് പൂര്‍ണ്ണമായി സഹകരിച്ചു, തുടങ്ങീ ഒട്ടേറെ കാര്യങ്ങളാണ് ജാമ്യം ലഭിക്കുന്നതിനായി അഭിഭാഷകന്‍ രാമന്‍പിള്ള വാദിച്ചത്. എന്നാല്‍ പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപന്റെയും കാവ്യ മാധവന്റെയും വാദത്തെ പൂര്‍ണ്ണമായി പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടുവെന്ന് പോലീസ് വിശ്വസിക്കുന്നില്ല. അത് കണ്ടെടുക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുകയാണ്. കേസില്‍ മുഖ്യ സൂത്രധാരനായ ദിലീപിനെ ജയിലിന് പുറത്ത് വിട്ടാല്‍ അത് കേസന്വേഷണത്തെ ബാധിക്കും. സിനിമയുടെ സമസ്ത മേഖലയിലും സ്വാധീനവും രാഷ്ട്രീയ സാമൂഹിക മേഖലയില്‍ ബന്ധങ്ങളുമുള്ള ദീലിപിന് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും കഴിയുമെന്നും പ്രോസക്യൂഷന് വേണ്ടി ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ വാദിച്ചു. വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.