ഗെയില്‍ പൈപ്പ് ലൈനിന്റെ അലൈന്‍മെന്റ് മാറ്റിയതായി ആക്ഷേപം
|ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത ഗെയിലിന്റെ ഇപ്പോഴത്തെ നടപടിക്ക് എതിരെ ജില്ലാ കലക്ടര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി.
ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തി പുരോഗമിക്കുന്നതിനിടയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി പരാതി. ആദ്യ സര്‍വേ പ്രകാരം കോഴിക്കോട് കാരശേരി അഴകത്ത് ഭാഗത്ത് നിന്ന് തേക്കുംകണ്ടി വഴി പോകേണ്ടിയിരുന്നതില്‍ മാറ്റം വരുത്തിയതായാണ് ആക്ഷേപം. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത ഗെയിലിന്റെ ഇപ്പോഴത്തെ നടപടിക്ക് എതിരെ ജില്ലാ കലക്ടര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി.
2009 ല്‍ പദ്ധതിക്കായി സര്‍വേ നടത്തുകയും അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് പ്രകാരം കാരശേരി വൈശ്യമ്പുറം ഭാഗത്ത് പദ്ധതിക്കായി അടയാളപ്പെടുത്തിയിരുന്നത് തിരുവല്ലൂര്‍ അഴകത്ത് ഭാഗത്ത് നിന്ന് തേക്കും കണ്ടിയിലേക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും സര്‍വേ നടത്തി പദ്ധതിയുടെ അലൈന്‍മെന്റ് അഴകത്ത് ഭാഗത്ത് നിന്ന് കൂടരായി പറമ്പ് വഴി തിരിച്ചു വിട്ടതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ 10 കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്തു. ചിലരുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഗെയിലിന്റെ നടപടികളെന്നാണ് ഇരകളുടെ പരാതി.
ജനപ്രതിനിധികളടക്കം ഇക്കാര്യം ചൂണ്ടികാട്ടി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളെ ഗെയില്‍ തള്ളി. ജനവാസ കേന്ദ്രങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി ചില നടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഗെയിലിന്റെ വിശദീകരണം. നേരത്തെ ഒരു വീടും നഷ്ടപ്പെടാതിരുന്ന സ്ഥലത്താണ് അലൈന്‍മെന്റ് മാറ്റം തിരിച്ചടിയായതെന്നാണ് നാട്ടുകാരുടെ പരാതി.