Kerala
തൊഴിലുറപ്പ് പദ്ധതി: ആദിവാസികള്‍ക്ക് നല്‍കാനുള്ളത് ഒരു കോടി 19 ലക്ഷം രൂപതൊഴിലുറപ്പ് പദ്ധതി: ആദിവാസികള്‍ക്ക് നല്‍കാനുള്ളത് ഒരു കോടി 19 ലക്ഷം രൂപ
Kerala

തൊഴിലുറപ്പ് പദ്ധതി: ആദിവാസികള്‍ക്ക് നല്‍കാനുള്ളത് ഒരു കോടി 19 ലക്ഷം രൂപ

admin
|
1 May 2018 6:57 PM GMT

നൂറില്‍ കൂടുതല്‍ ദിവസം തൊഴില്‍ കൊടുക്കാമെന്ന വാഗ്ദാനം വാക്കുകളിലൊതുങ്ങി.

അട്ടപ്പാടിയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ളത് ഒരു കോടി പത്തൊന്‍പത് ലക്ഷം രൂപ. നൂറില്‍ കൂടുതല്‍ ദിവസം തൊഴില്‍ കൊടുക്കാമെന്ന വാഗ്ദാനം വാക്കുകളിലൊതുങ്ങി. 55 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ 200 ദിവസം തൊഴില്‍ ലഭ്യമാക്കിയത്. സാങ്കേതിക തകരാര്‍ കാരണമാണ് വേതനം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ശിശുമരണങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ആദിവാസി കുടുംബങ്ങളില്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനായിരുന്നു തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ മുന്‍ഗണന കൊടുക്കാന്‍ തീരുമാനിച്ചത്. ആദിവാസി കുടുംബങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കാനും സാധിച്ചിരുന്നു. 2014 - 15 കാലയളവില്‍ അട്ടപ്പാടിയില്‍ 8975 കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്ട്രര്‍ ചെയ്തത്. ഇതില്‍ 6000 കുടുംബങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ ലഭ്യമാക്കാനായത്. 100 ദിനവും തൊഴില്‍ കൊടുത്തതാകട്ടെ 2190 കുടുംബങ്ങള്‍ക്കും. വേതനം കൃത്യമായി നല്‍കുന്നതിലും അധികൃതര്‍ പരാജയപ്പെട്ടു. ഒരു കോടി പത്തൊന്‍പത് ലക്ഷം രൂപയാണ് ഇതുവരെയുള്ള കുടിശ്ശിക.

സാങ്കേതിക തകരാര്‍ കാരണമാണ് വേതനം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഫണ്ടുണ്ടെന്നും കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അട്ടപ്പാടിയിലെ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ അനുവദനീയമായ 100 ദിവസങ്ങള്‍ക്കു പുറമേ 100 അധിക ദിനം കൂടി നല്‍കാമെന്ന് 2014 ആയിരുന്നു പ്രഖ്യാപിച്ചത്. ഇതിനുള്ള ഭരണാനുമതിയും ലഭ്യമാക്കി. എന്നാല്‍ പ്രസ്തുത വര്‍ഷത്തില്‍ 200 ദിനം തൊഴില്‍ നല്‍കിയത് നാല് കുടുംബങ്ങള്‍ക്ക് മാത്രം. ആകെ 55 കുടുംബങ്ങള്‍ക്ക് മാത്രമാണ് പദ്ധതി പ്രകാരം അനുവദിച്ചതില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭിച്ചത്.

Related Tags :
Similar Posts