കണ്ണൂരില്‍ പോലീസ് റെയ്ഡ്: വന്‍ ആയുധശേഖരം കണ്ടെത്തി
|കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 22 ബോംബുകളും വടിവാളുകളും അടക്കമുളള ആയുധങ്ങള്‍ പിടിച്ചെടുത്തത്
കണ്ണൂര്‍ ജില്ലയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരം കണ്ടെത്തി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 22 ബോംബുകളും വടിവാളുകളും അടക്കമുളള ആയുധങ്ങള്‍ പിടിച്ചെടുത്തത്.
ഓണത്തോട് അനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ പോലീസ് പരിശോധന ശക്തമാക്കിയത്. ബിജെപി - സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലായിരുന്നു പ്രധാനമായും പോലീസ് റെയ്ഡ്. പളളിക്കുന്ന്, തില്ലങ്കേരി, പാനൂര്‍ മേഖലകളില്‍ നടത്തിയ റെയ്ഡില്‍ 22 ബോംബുകളാണ് പോലീസ് കണ്ടെടുത്തത്. തില്ലങ്കേരിയിലെ ബിജെപി പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരില്‍ നിന്ന് ചോദ്യം ചെയ്യലിനിടയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാനൂര്‍, ഇരിട്ടി, കീച്ചേരിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വന്‍ ആയുധ ശേഖരവും പോലീസ് പിടിച്ചെടുത്തു.
എസ്പിയുടെ നേതൃത്വത്തിലുളള പ്രത്യേകസംഘമാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് മുതല്‍ കോഴിക്കോട് നിന്നുളള രണ്ട് സംഘം കൂടി പരിശോധനക്കായി ജില്ലയിലെത്തും. ഇവര്‍ക്ക് പുറമെ ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍, ബോംബ് സ്വാഡ് തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ട്. വരും ദിവസങ്ങളിലും റെയ്ഡ് തുടരാനാണ് പോലീസിന്റെ തീരുമാനം.