നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഭേദഗതി ചെയ്യുന്നു; ഡാറ്റാ ബാങ്ക് നിലവിലില്ലാത്തത് തിരിച്ചടിയാവും
|2008ന് മുമ്പ് നികത്തപ്പെട്ട ഭൂമിയില്‍ അവ്യക്തത
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി ഈ നിയമസഭ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഡാറ്റാബാങ്ക് പൂര്‍ണ്ണമല്ലാത്ത സാഹചര്യത്തില്‍ ഭേദഗതി കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. 2008ന് മുന്‍പ് നികത്തിയ നിലങ്ങള്‍ എങ്ങനെ രേഖപ്പെടുത്തുമെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. 2008ന് മുന്‍പ് നികത്തിയ ഭൂമി ന്യായവിലയുടെ 25 ശതമാനം ഈടാക്കി ക്രമപ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് പുതിയ സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നത്.
2008ന് മുന്‍പ് നികത്തപ്പെട്ടവ ഇനി നെല്‍കൃഷിക്ക് അനുയോജ്യമല്ലാത്തതിനാല്‍ അവ സ്പെഷ്യല്‍ അഗ്രിക്കള്‍ച്ചറല്‍ ലാന്‍ഡായി രേഖപ്പെടുത്താനാണ് ആലോചന. നികത്തിയ തുണ്ട് ഭൂമികളില്‍ വീടുവെച്ചവര്‍ക്ക് ഇളവ് നല്‍കാനും ആലോചനയുണ്ട്.
എന്നാല്‍ ഇതിനകം നികത്തപ്പെട്ടവ 2008ന് മുന്‍പോ ശേഷമോ എന്ന് സ്ഥിരീകരിക്കാന്‍ സംവിധാനമില്ല. ഇനിയും എങ്ങുമെത്തിയിട്ടില്ലാത്ത ഡാറ്റാബാങ്കിന്റെ കൃത്യതയില്‍ മന്ത്രിക്ക് തന്നെ സംശയമാണ്.
ആറ് മാസത്തിനകം ഡാറ്റാബാങ്ക് പുറത്തിറക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനമെങ്കിലും ഒരു വര്‍ഷം കൊണ്ടും അത് പൂര്‍ത്തിയാകുമെന്ന് ഉറപ്പില്ല.