Kerala
കയ്യേറ്റമൊഴിപ്പിക്കലിനെ ന്യായീകരിച്ച് നിരണം ഭദ്രാസനംകയ്യേറ്റമൊഴിപ്പിക്കലിനെ ന്യായീകരിച്ച് നിരണം ഭദ്രാസനം
Kerala

കയ്യേറ്റമൊഴിപ്പിക്കലിനെ ന്യായീകരിച്ച് നിരണം ഭദ്രാസനം

Subin
|
2 May 2018 4:33 PM GMT

മൂന്നാറില്‍ അധര്‍മത്തിന്റെ പ്രതീകമായി സ്ഥാപിക്കപ്പെട്ട കുരിശ് നീക്കംചെയ്തതിലൂടെ യഥാര്‍ത്ഥ കുരിശ് വീണ്ടെടുക്കപ്പെടുകയായിരുന്നെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മീഡിയവണിനോട് പറഞ്ഞു...

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം സര്‍ക്കാര്‍ കെടുത്തരുതെന്ന് നിരണം ഭദ്രാസനാധിപന്‍ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപൊലീത്ത. കയ്യേറ്റം ഒഴിപ്പിക്കല്‍ മൂന്നാറില്‍ മാത്രമായി ഒതുക്കരുത്, ഇതില്‍ നിന്ന് പിന്നാക്കം പോയാല്‍ സര്‍ക്കാരിന്റെ ധാര്‍മിക നിലപാടുകളില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകും. മൂന്നാറില്‍ അധര്‍മത്തിന്റെ പ്രതീകമായി സ്ഥാപിക്കപ്പെട്ട കുരിശ് നീക്കംചെയ്തതിലൂടെ യഥാര്‍ത്ഥ കുരിശ് വീണ്ടെടുക്കപ്പെടുകയായിരുന്നെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മീഡിയവണിനോട് പറഞ്ഞു.

വിശ്വാസത്തിന്റെ ചിഹ്നം ഉപയോഗിച്ച് സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണ്. ഇതിനെ തൊലിയുരിച്ച് കാണിക്കേണ്ടത് വിശ്വാസ സമൂഹത്തിന്റെ ബാധ്യതയാണ്. കയ്യേറ്റം ഒഴിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം സര്‍ക്കാര്‍ കെടുത്തരുത്. ഭൂമി വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളെ തടയുന്ന നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ ജനഹൃദയങ്ങളില്‍ ഒറ്റപ്പെടും.

അനീതിയുടെ ചിഹ്നമായി കുരിശിനെ ഉപയോഗിച്ചതിനെ വിശ്വാസ സമൂഹം എതിര്‍ത്ത് തോല്‍പ്പിക്കണം. അത്തരത്തിലുള്ള കുരിശ് നീക്കംചെയ്തതിനെയോര്‍ത്ത് വിലപിക്കുന്നവര്‍ കയ്യേറ്റത്തെ അനുകൂലിക്കുന്നവരാണ്. കയ്യേറ്റമൊഴിപ്പിക്കല്‍ ദൗത്യം വിവാദങ്ങളുടെ പേരില്‍ നിര്‍ത്തിയാല്‍ നഷ്ടം പൊതുസമൂഹത്തിനാണ്. നല്ല ഉദ്ദേശത്തോടെ തുടങ്ങിയ ദൗത്യം തുടക്കത്തില്‍തന്നെ വിവാദമായതിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്ന് സംശയിക്കണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

Related Tags :
Similar Posts