Kerala
കടകംപള്ളിയുടെ വിശദീകരണത്തില്‍ തൃപ്തി; വിവാദം വേണ്ടെന്ന് സിപിഎംകടകംപള്ളിയുടെ വിശദീകരണത്തില്‍ തൃപ്തി; വിവാദം വേണ്ടെന്ന് സിപിഎം
Kerala

കടകംപള്ളിയുടെ വിശദീകരണത്തില്‍ തൃപ്തി; വിവാദം വേണ്ടെന്ന് സിപിഎം

Muhsina
|
2 May 2018 11:23 AM GMT

മന്ത്രി കടകംപള്ളിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ വിവാദം വേണ്ടെന്ന് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. കടകംപള്ളിയുടെ വിശദീകരണം തൃപ്തികരമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ മന്ത്രിക്കെതിരെ നടപടിയുണ്ടാകില്ല..

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി, വഴിപാട് നടത്തിയതില്‍ വിവാദങ്ങളൊഴിവാക്കാന്‍ സിപിഎം സെക്രട്ടേറിയറ്റില്‍ ധാരണ. കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം തൃപ്തികരണമാണെന്നും വിവാദം വളര്‍ന്നാല്‍ ബിജെപി മുതലെടുപ്പ് നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

ഗുരുവായൂരിലെത്തി ക്ഷേത്രദര്‍ശനവും വഴിപാടും നടത്തിയത് വിവാദമായതോടെയാണ് പാര്‍ട്ടി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് വിശദീകരണം തേടിയത്. ദേവസ്വം മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയാണ് താന്‍ ചെയ്തതെന്നും ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ അവിടുത്തെ ആചാരങ്ങള്‍ പാലിച്ചത് ചിലര്‍ വിവാദമാക്കുകയാണെന്നുമായിരിന്നു കടകംപള്ളിയുടെ വിശദീകരണം. രാവിലെ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നപ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കടകംപള്ളിയുടെ വിശദീകരണം റിപ്പോര്‍ട്ട് ചെയ്തു. വേങ്ങര‌ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വിവാദമുണ്ടാകുന്നത് മുന്നണിക്കും സര്‍ക്കാരിനും ഗുണകരമാകില്ല എന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.

മതപരമായ ഇത്തരത്തിലുള്ള വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. ഇതിനോടകം തന്നെ ബിജെപി ഈ വിഷയമുയര്‍ത്തി പാര്‍ട്ടിക്കെതിരെ പ്രചരണം ആരംഭിച്ചിട്ടുണ്ട്. സിപിഎം ഒരു മതവിഭാഗത്തിന് എതിരാണെന്ന പ്രചരണത്തിന് നിന്ന് കൊടുക്കേണ്ടെന്നും സെക്രട്ടറിയേറ്റില്‍ അഭിപ്രായമുയര്‍ന്നു. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ കടകംപള്ളിക്കെതിരെ നടപടിയെടുക്കേണ്ടെന്നാണ് സിപിഎം സെക്രട്ടറിയേറ്റിന്റെ തീരുമാനം.

Similar Posts