പത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തിന് യേശുദാസിന് അനുമതി
|ഇന്ന് ചേര്‍ന്ന ഭരണ സമിതിയാണ് യേശുദാസിന്റെ അപേക്ഷ പരിഗണിച്ചത്
ഗായകൻ കെ ജെ യേശുദാസിന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ ഭരണ സമിതിയുടെ അനുമതി. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ യേശുദാസ് പത്മനാഭ ശതകം ആലപിക്കാനെത്തിയേക്കും. ഇന്ന് ചേർന്ന ഭരണ സമിതി യോഗമാണ് യേശുദാസിന് ക്ഷേത്രപ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്.
ഹിന്ദുമത വിശ്വാസിയാണെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം യേശുദാസ് എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് തീരുമാനം ഭരണസമിതിക്ക് വിട്ടു. ജില്ലാ ജഡ്ജ് ഹരിപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് യേശുദാസിന്റെ അപേക്ഷ പരിഗണിച്ച് അദ്ദേഹത്തിന് ദർശനാനുമതി നൽകാൻ തീരുമാനിച്ചത്.
സ്വാതി തിരുനാൾ രചിച്ച ശ്രീപത്മനാഭ ശതകം ക്ഷേത്രത്തിൽ ആലപിക്കണമെന്നത് യേശുദാസിന്റെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു. ചുറ്റുമ്പലത്തിലെ കൽമണ്ഡപത്തിലോ, നവരാത്രി മണ്ഡപത്തിലോ പത്മനാഭ ശതകം ആലപിക്കാൻ യേശുദാസിന് അവസരം നൽകുമെന്നാണ് സൂചന. തുടര്‍ കാര്യങ്ങള്‍ യേശുദാസുമായി ആലോചിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. ശബരിമല, മൂകാംബിക ക്ഷേത്രങ്ങളില്‍ നേരത്തെ ദര്‍ശനം നടത്തിയിട്ടുള്ള യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ഇതുവരെ സാധ്യമായിട്ടില്ല.