യോഗ കേന്ദ്രത്തിലെ ലൈംഗിക പീഡനത്തിനെതിരെ ഹൈക്കോടതിയില്‍ നല്കിയ പരാതിയുടെ പൂര്‍ണരൂപം
|ഹിന്ദുപെണ്‍കുട്ടികളെ ഹിന്ദുഹെല്പ് ലൈന്‍ വഴിയാണ് ഇവിടേക്ക് എത്തിക്കുന്നത്
തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ യോഗ കേന്ദ്രത്തിലെ മുന്‍ ഇന്‍സ്ട്രക്ടര്‍ കൃഷ്ണകുമാര്‍ എവി ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ നിന്ന്;
1. ശിവശക്തി യോഗ സെന്ററിലെ മുന്‍ ഇന്‍സ്ട്രക്ടറായ ഞാന്‍ ബഹുമാനപ്പെട്ട കോടതി മുമ്പാകെ സമര്‍പ്പിക്കുന്നു. എന്തെന്നാല്‍ യോഗ കേന്ദ്രത്തിലെ ലൈംഗിക ചൂഷണം, പീഡനം, വിധ്വംസക പ്രവര്‍ത്തനം എന്നിവക്ക് ഞാന്‍ സാക്ഷിയാണ്, യോഗകേന്ദ്രം പൊലീസിനെ ഉപയോഗിക്കുന്നതടക്കം പലകാര്യങ്ങളും എനിക്ക് ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനുണ്ട്.
2. അന്യമതസ്ഥരെ വിവാഹം കഴിക്കുന്ന ഹിന്ദുപെണ്‍കുട്ടികളെ ഹിന്ദുഹെല്പ് ലൈന്‍ വഴിയാണ് ഇവിടേക്ക് എത്തിക്കുന്നത്. ഇതിന്റെ ഓപ്പറേറ്റര്‍ പ്രതീഷ് വിശ്വനാഥന് എന്നയാളാണ്. യോഗ സെന്ററിന്റെ വിവിധ ബ്രാഞ്ചുകളില്‍ രാത്രിയും പകലുമെന്നോളം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു. യോഗ കേന്ദ്രം ജയില്‍ പോലെയാണ്. ഇവരുടെ ശിക്ഷണത്തിലായില്ലെങ്കില് മയക്കുമരുന്ന് കുത്തിവെക്കുന്നു. ചൂരല്‍ പ്രയോഗം നടത്തുന്നു. നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുന്നു. സ്ഥാപന നടത്തിപുകാരന് മനോജ് ഗുരുജിയും കോര്‍ഡിനേറ്റര്‍ ശ്രുതിയും കൗണ്‍സിലിങ് ക്ലാസുകളില്‍ ഖുര്‍ആനെയും ബൈബിളിനേയും മോശമാക്കി സംസാരിക്കുന്നു. മുസ്ലിം-കൃസ്ത്യന്‍ വിദ്വേഷമാണ് അവര്‍ പടര്‍ത്തുന്നത്. മനോജ് ഗുരുജിക്ക് തീവ്രവാദ സംഘടനകളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. സര്‍ക്കാറിലെ ഉന്നതരുമായും ബന്ധമുണ്ട്. ആ പേരുകള്‍ വെളിപ്പെടുത്തിയാല്‍ ജീവന് അപകടത്തിലാവുമെന്ന ഭയമുണ്ട്.
3. 10,000 മുതല്‍ ഒരു ലക്ഷം വരെയാണ് ഫീസ്. ഹിന്ദു പെണ്‍കുട്ടികളെ കാണിച്ച് മറ്റു മതസ്ഥരെ ഹിന്ദുമതത്തിലേക്ക് കൊണ്ടു വരാനും ശ്രമിക്കുന്നു. കരിമ്പൂച്ചകളെയും ബൗണ്‍സര്‍മാരെയും ഉപയോഗിച്ച് യോഗ കേന്ദ്രമൊരു സമാന്തര നിയമനിര്‍വഹണ സംവിധാനമായി പ്രവര്‍ത്തിക്കുന്നു.
4. ചില കേസുകളില്‍ ആണ് സ്റ്റാഫിനെ ഉപയോഗിച്ചാണ് പെണ്‍കുട്ടികളെ വശത്താക്കുന്നത്. സ്ഥാപന നടത്തിപ്പുകാരന്റെ ലൈംഗിക പീഡനമുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ഞാനും മറ്റു ചിലരും കേന്ദ്രം വിടുന്നത്. മനോജും കോര്‍ഡിനേറ്റര്‍ ശ്രുതിയുമായുള്ള അശ്ലീല ഫോണ്‍ വിളി മനോജിന്റെ ഭാര്യ റെക്കോര്‍ഡ് ചെയ്യുകയും എനിക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ പേരില്‍ അവളെയും സഹോദരനെയും മര്‍ദ്ദിച്ചു. ഈ ഫോണ്‍ സംഭാഷണം പുറത്താകുമോ എന്ന ഭയത്താല്‍ ഹില്‍ പാലസ് സി ഐയെ ഉപയോഗിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. ക്രിമിനല്‍ കേസില്‍ അകപ്പെടുത്തുമെന്നാണ് ഭീഷണി. ഞങ്ങളുടെ ഫോണും സിംകാര്‍ഡും പൊലീസ് പിടിച്ചുവച്ചിരിക്കുകയാണ്. അതിപ്പോഴും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലാണ്. ശ്രുതി കാസര്കോട്ടുകാരിയാണ്. അന്യമത വിവാഹത്തിന്റെ പേരില്‍ മാതാപിതാക്കളാണ് ശ്രുതിയെ ഇവിടെയെത്തിച്ചത്. പിന്നെ മനോജുമായി അടുക്കുകയായിരുന്നു. ഹില്‍ പാലസ് സി ഐ, കേന്ദ്രത്തിന്റെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. യോഗ കേന്ദ്രത്തിന്റെ പരിപാടികളില്‍ സി ഐ പങ്കെടുത്തതിന്റെ ചിത്രങ്ങളും കോടതിക്ക് കൈമാറുന്നു.
5. നിയമവിരുദ്ധമായി പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന പണം ഭൂമിയിടപാടുകള്‍ക്കാണ് ഉപയോഗിക്കുന്നത്. അനധികൃത പണ ഇടപാടുകളും അദ്ദേഹം നടത്തുന്നു. തൃപ്പൂണിത്തുറയിലും മറ്റും അദ്ദേഹത്തിന്റെ അനധികൃത പണ ഇടപാടുമായി ബന്ധപ്പെട്ട് അനവധി ആരോപണങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഏജന്‍സികളുമായി പങ്കുവെക്കാം. പക്ഷേ കോടതിയുടെ ഉത്തരവില്ലാതെ പൊലീസ് എന്റെ തെളിവുകളെ അംഗീകരിക്കില്ല. ഏത് നിമിഷവും മനോജും അയാളുടെ സംഘവും എന്നെ അപായപ്പെടുത്തും. അതുകൊണ്ടാണ് കേസില്‍ കക്ഷിചേര്ക്കണമെന്നാവശ്യപ്പെടുന്നത്.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ബോധിപ്പിക്കുന്നു.