Kerala
സോളാറില്‍ അന്വേഷണം തുടങ്ങിയില്ലസോളാറില്‍ അന്വേഷണം തുടങ്ങിയില്ല
Kerala

സോളാറില്‍ അന്വേഷണം തുടങ്ങിയില്ല

Subin
|
2 May 2018 1:01 PM GMT

ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ കരട് ഉത്തരവ് നാല് പ്രാവശ്യം നിയമ വകുപ്പ് തിരിച്ചയച്ചതായാണ് സൂചന

സോളാര്‍ കേസ് പ്രത്യേക സംഘത്തെകൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഉത്തരവ് പുറത്തിറങ്ങിയില്ല.നിയമപരമായ പരിശോധനകള്‍ നടക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ആഭ്യന്തരവകുപ്പ് തയ്യാറാക്കിയ കരട് ഉത്തരവ് നിയമ വകുപ്പ് തിരിച്ചയച്ചതായാണ് സൂചന.

ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേത്യത്വത്തിലുള്ള ആറംഗ സംഘത്തിനാണ് സോളാര്‍ കേസിന്റെ അന്വേഷണ ചുമതല. പക്ഷെ പ്രത്യേക സംഘത്തിലേക്ക് തീരുമാനിച്ച ഉദ്യോഗസ്ഥരാരും ചുമതല ഇതുവരെ ഏറ്റെടുത്തിട്ടില്ല. മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങാത്തതാണ് കാരണം. മുന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ കേസിന്റെ അന്വേഷണ കാര്യമായതിനാല്‍ പാളിച്ചകള്‍ വരാതെ ഉത്തരവിറക്കേണ്ടതുകൊണ്ടാണ് വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ കരട് ഉത്തരവ് നാല് പ്രാവശ്യം നിയമ വകുപ്പ് തിരിച്ചയച്ചതായാണ് സൂചന. അതേസമയം ഒരേ ബാച്ചില്‍പെട്ട എ ഹേമചന്ദ്രനെതിരെ അന്വേഷണം നടത്തേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് രാജേഷ് ദിവാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് ആവിശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം രാജേഷ് ദിവാന്‍ തന്നെ അന്വേഷിക്കട്ടെയെന്ന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അംഗീകരിക്കുമെന്നും വ്യക്തമാക്കി. ഉത്തരവ് ഇറങ്ങിയാലുടന്‍ കേസ് അന്വേഷിക്കേണ്ട വിജിലന്‍സ് ടീമിനേയും പ്രഖ്യാപിക്കും.

Related Tags :
Similar Posts