കുറിഞ്ഞി: വാര്‍ത്തകള്‍ വ്യാജമെന്ന് വനം മന്ത്രി
|കുറിഞ്ഞി സങ്കേതം സംബന്ധിച്ച് തനിക്കെതിരെ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് വനം മന്ത്രി കെ രാജു. ഉദ്യാന ഭൂമിയില്‍ നിന്ന് ഏതെങ്കിലും പ്രദേശം ഒഴിവാക്കുമെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ്. മന്ത്രിമാര്‍ക്കിടയില്‍..
കുറിഞ്ഞി സങ്കേതം സംബന്ധിച്ച് തനിക്കെതിരെ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് വനം മന്ത്രി കെ രാജു. ഉദ്യാന ഭൂമിയില്‍ നിന്ന് ഏതെങ്കിലും പ്രദേശം ഒഴിവാക്കുമെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ്. മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും സര്‍വെ മുടക്കാനുമുള്ള ഗൂഢലക്ഷ്യമാണ് വാര്‍ത്തകള്‍ക്ക് പിന്നിലെന്നും കെ രാജു പ്രസ്താവനയില്‍ അറിയിച്ചു.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി സംബന്ധിച്ച തര്‍ക്കത്തില്‍ വനം മന്ത്രി കെ രാജു, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം എം മണി എന്നിവരെ പ്രദേശം സന്ദര്‍ശിക്കാന്‍ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം വനം മന്ത്രി സ്വന്തം നിലയില്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ് വിവാദമായത്. നിര്‍ദിഷ്ട ഭൂമിയിലെ 62ാം ബ്ലോക്കിലെ 183ാം ഭാഗം ഒഴിവാക്കുമെന്നും ഇവിടെ താമസിക്കുന്ന ആരെയും ഒഴിപ്പിക്കില്ലെന്നും മന്ത്രി റിപ്പോര്‍ട്ട് നല്‍കിയതായും വാര്‍ത്ത വന്നു. 183ാം ഭാഗം ഒഴിവാക്കുമെന്ന വാര്‍ത്ത വ്യാജമെന്നാണ് മന്ത്രിയുടെ പ്രസ്താവന.
എത്രയും വേഗം സര്‍വെ നടത്തി ഭൂമി നിജപ്പെടുത്തണമെന്നതാണ് വനം വകുപ്പിന്റെയും നിലപാട്. മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. അങ്ങനെ വരുത്തിത്തീര്‍ത്ത് വിവാദമുണ്ടാക്കി സര്‍വെ നടക്കുന്നത് തടയണമെന്ന ഗൂഢലക്ഷ്യമാണ് വാര്‍ത്തകള്‍ക്ക് പിന്നില്‍. മന്ത്രിമാരുടേത് മന്ത്രിതല ഉപസമിതിയില്ല. അതുകൊണ്ട് തന്നെ ഓരോ മന്ത്രിമാരും പ്രത്യേകം റിപ്പോര്‍ട്ടുകള്‍ നല്‍കുമെന്നും വനം മന്ത്രി പ്രസ്താവനയില്‍ വിശദീകരിക്കുന്നു. വനം മന്ത്രിയുടേത് സിപിഐയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമാണെന്നും പാര്‍ട്ടിക്ക് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.