പെമ്പിളൈ ഒരുമൈ ആംആദ്മി പാര്‍ട്ടിയില്‍ ലയിക്കില്ല; സഹകരിച്ച് പ്രവര്‍ത്തിക്കും
|ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളുമായി ചര്‍ച്ച നടത്തി തിരിച്ചെത്തി
പെമ്പിളൈ ഒരുമൈ ആംആദ്മി പാര്‍ട്ടിയുടെ തൊഴിലാളി യൂണിയന് ശ്രമിക് വികാസ് സംഘടനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ലയിക്കില്ലെന്നും പെമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി പറഞ്ഞു.വരുന്ന തെരഞ്ഞെടുപ്പിലെ കാര്യം ആലോചിച്ച് തീരുമാനം എടുക്കുമെന്നും ലിസി സണ്ണി പറഞ്ഞു.
ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളുമായി ചര്‍ച്ച നടത്തി തിരിച്ചെത്തിയ സംഘത്തിന് ആലുവ റെയില്‍വെ സ്റ്റേഷനില്‍ ആംആദ്മി പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആംആദ്മി ഇടപെടുമെന്ന് കേജ്രിവാള് ഉറപ്പു നല്‍കിയതായി ലിസി സണ്ണി പറഞ്ഞു.
ഇക്കാര്യത്തില്‍ ആംആദ്മി പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്നും വേതന വര്‍ധനവ്, ബോണസ്, തൊഴിലിടങ്ങളിലെ വിവേചനം, സര്‍ക്കാര്‍ പദ്ധതികളില്‍ തുല്യ അവകാശം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് കേജ്രിവാള് ഉറപ്പ് നല്‍കിയതായും ലിസി സണ്ണി പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫിനൊപ്പമാണ് പെമ്പിളൈ ഒരു മൈ പ്രവര്‍ത്തകര്‍ അരവിന്ദ് കേജ്രിരിവാളിനെ സന്ദര്‍ശിച്ചത്.