എളമരം കരീം സ്ഥാനാര്‍ഥിയാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് മമ്മദ് കോയ
|കരീമിനെതിരെ എതിര്‍പ്പുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്ന് മമ്മദ് കോയ പറഞ്ഞു
ബേപ്പൂരില്‍ നിലവിലെ എംഎല് എ എളമരം കരീം തന്നെ സ്ഥാനാര്‍ത്ഥിയാവണമെന്നായിരുന്നു താനുള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹമെന്ന് ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി ഇടത് മുന്നണി പരിഗണിക്കുന്ന കോഴിക്കോട് കോര്പ്പറേഷന് മേയര്‍ വികെസി മമ്മദ് കോയ. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തീരുമാനമാണ് എളമരം കരീം മത്സരിക്കേണ്ടതില്ലെന്നതെന്നും കരീമിനെതിരെ എതിര്‍പ്പുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും മമ്മദ് കോയ കോഴിക്കോട്ട് പറഞ്ഞു.
പാര്‍ട്ടിയിലെ ഉത്തരവാദിത്തങ്ങള്‍ കാരണം മുന്‍ കാലങ്ങളിലെ പോലെ എളമരം കരീമിന് മണ്ഡലത്തില്‍ സജീവമാവാന്‍ കഴിഞ്ഞിട്ടില്ല . എന്നാല്‍ മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യാതൊരു വീഴ്ചയും കരീമിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മമ്മദ് കോയ പറഞ്ഞു. സ്ഥാനാര്‍ത്ഥിയായി സിപിഎം പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ മേയര്‍ സ്ഥാനം രാജിവയ്ക്കുമെന്നും മമ്മദ് കോയ പറഞ്ഞു. വിജയിച്ചാല്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ നിലവിലെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായി രംഗത്തുണ്ടാവുമെന്നും വികെസി പറഞ്ഞു. സാമൂഹ്യ സേവന രംഗത്ത് വര്‍ഷങ്ങളായി ബേപ്പൂര്‍ മണ്ഡലത്തില്‍ താന്‍ ഉണ്ടെന്നും മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും മമ്മദ് കോയ പറഞ്ഞു.