സ്കൂൾ കലോൽസവങ്ങളിൽ താരമായി സോഷ്യൽ മീഡിയയും സ്മാർട്ട് ഫോണുകളും
|സദസ്സിൽ ആളു കുറയുന്നുവെങ്കിലും നെറ്റിൽ കുരുക്കി കൂടുതൽ ആളുകളിലേക്ക് മത്സരം എത്തിക്കുകയാണ് ആസ്വാദകർ.
കൺമുന്നിൽ കാണുന്ന കലയേക്കാൾ വിരൽതുമ്പിലെ കളികളിലാണ് പലരും ആസ്വാദനം കണ്ടെത്തുന്നത്. സദസ്സിൽ ആളു കുറയുന്നുവെങ്കിലും നെറ്റിൽ കുരുക്കി കൂടുതൽ ആളുകളിലേക്ക് മത്സരം എത്തിക്കുകയാണ് ആസ്വാദകർ.
മൊബൈൽ ക്യാമറയിലെ കളികൾ. ചെസ്സ് നമ്പർ റെഡിയാകുമ്പോഴേ സദസ്സിൽ ഫോൺ ക്യാമറകൾ റെഡി. വെറുതേ പകർത്തുകയല്ല താളം പിടിച്ചും ഗാനങ്ങൾ കൂടെ പാടിയും എല്ലാം ഒപ്പിയെടുക്കുകയാണ്. മത്സരം ബോറാണെന്ന് കാട്ടി ചില വിരുതൻമാർ മൊബൈലിലെ ഗെയിമുകളിൽ മുഴുകിയിരിക്കുന്നു. ചിലർ പത്ര വായനയിൽ. പോലീസുകാർ തൂവാല വച്ച് പൊടിതടഞ്ഞ് കലയുടെ ലോകത്താണ്. ന്യൂസ് ഫോട്ടോഗ്രാഫർമാർ ഉന്നം പിഴക്കാത്ത നോട്ടത്തിൽ.
മാതാപിതാക്കളും ബന്ധുക്കളും മത്സരങ്ങൾ ക്യാമറയിൽ പകർത്തുന്നുവെങ്കിലും എല്ലാം ഗ്യാലറിയിൽ സൂക്ഷിക്കാനല്ല. കമ്പനികൾ നൽകിയ അൺലിമിറ്റഡ് ഓഫറുകൾ ഉപയോഗിച്ച്. കിട്ടുന്ന ദൃശ്യങ്ങളെല്ലാം അപ്പോൾ തന്നെ വാട്സ് ആപ്പ്, ഫെയ്സ് ബുക്കുകൾ വഴി സുഹൃത്തുക്കളിലേക്ക് എത്തിക്കുന്നു. അങ്ങനെ മത്സരം എല്ലാവരെയും കാണിച്ചതിന്റെ നിർവൃതിയിലെത്തുന്നു.