കുരിശ് തകര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കണം: റവന്യുമന്ത്രി
|കുരിശ് തകര്‍ത്ത സംഭവം സര്‍ക്കാരിനെയും കേരളത്തെയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇ ചന്ദ്രശേഖരന്‍
മൂന്നാറില്‍ കുരിശ് തകര്‍ത്ത സംഭവത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കുരിശ് തകര്‍ത്ത സംഭവം സര്‍ക്കാരിനെയും കേരളത്തെയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇ ചന്ദ്രശേഖരന്‍.
മലപ്പുറത്ത് ചേര്‍ന്ന സിപിഎം മേഖലായോഗത്തിലാണ് കുരിശ് തകര്‍ത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കില്‍ ദുരൂഹതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ എന്നായിരുന്നു റവന്യുമന്ത്രിയുടെ പ്രതികരണം. ഗൂഢാലോചന അന്വേഷിക്കാനുള്ള വകുപ്പ് തന്‍റേതല്ലെന്നും മന്ത്രി പറഞ്ഞു. കുരിശെവിടെയെന്ന് അന്വേഷിച്ച് താന്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മന്ദത ഇല്ലെന്നും മന്ത്രി പറഞ്ഞു. ഈ മാസം 27ന് പട്ടയവിതരണം ആരംഭിക്കും. എന്നാല്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് പട്ടയവിതരണം സാധ്യമല്ല. അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.