Kerala
കക്കൂസ് വീടാക്കിയ ആദിവാസി കുടുംബത്തിന് വീട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍കക്കൂസ് വീടാക്കിയ ആദിവാസി കുടുംബത്തിന് വീട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Kerala

കക്കൂസ് വീടാക്കിയ ആദിവാസി കുടുംബത്തിന് വീട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Subin
|
3 May 2018 12:51 PM GMT

മീഡിയവണ്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

ആദിവാസി കുടുംബം കക്കൂസ് കിടപ്പുമുറിയാക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്ത് വിശദീകരണം തേടി. ഒരു മാസത്തിനുള്ളില്‍ ഇവര്‍ക്ക് വീട് നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. വയനാട് പുല്‍പള്ളി ഇറുമുക്കി കാട്ടുനായ്ക്ക കോളനിയിലെ മൂന്നംഗ കുടുംബത്തിന്റെ ദുരവസ്ഥ മീഡിയവണാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇറുമുക്കി കാട്ടുനായ്ക്ക കോളനിയിലെ അനീഷിനും കുടുംബത്തിനും ആശ്വാസമായാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവെത്തിയത്. അടുത്ത മഴക്കാലത്തിനു മുമ്പ് കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് കമീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍, വയനാട് ജില്ല കലക്ടര്‍, ജില്ല പട്ടികവര്‍ഗ വികസന ഓഫിസര്‍ എന്നിവര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണം.

കേസ് ജൂണില്‍ നടക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങില്‍ പരിഗണിക്കും. മീഡിയവണ്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. റേഷന്‍ കാര്‍ഡിനും ഭൂമിക്കുമായി ഇവര്‍ പലതവണ ഓഫീസുകള്‍ കയറിയിറങ്ങിയിരുന്നെങ്കിലും നടപടികളുണ്ടായിരുന്നില്ല. റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇവര്‍ക്ക് അനുവദിക്കുന്നതിനുള്ള നടപടികളും ഉടനുണ്ടാവും.

Similar Posts