കണ്ണൂര്‍ മാറിചിന്തിക്കുമെന്ന് എല്‍ഡിഎഫ്; വിജയം ആവര്‍ത്തിക്കുമെന്ന് യുഡിഎഫ്
|അടിയൊഴുക്കുകളിലുണ്ടായ ഗതിമാറ്റമാണ് കണ്ണൂര്‍ നിയമസഭ മണ്ഡലത്തെ ഇത്തവണ ശ്രദ്ധേയമാക്കുന്നത്.
അടിയൊഴുക്കുകളിലുണ്ടായ ഗതിമാറ്റമാണ് കണ്ണൂര്‍ നിയമസഭ മണ്ഡലത്തെ ഇത്തവണ ശ്രദ്ധേയമാക്കുന്നത്. എക്കാലവും വലത് പക്ഷത്തോട് മാത്രം അനുഭാവം പ്രകടിപ്പിച്ചിട്ടുളള കണ്ണൂരിന് സമീപ കാലത്തുണ്ടായ മനം മാറ്റത്തിലാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. എന്നാല്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.
57ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കണ്ണന്‍ ചിലിക്കോത്തിനു ശേഷം കമ്മ്യൂണിസ്റ്റ് ചിഹ്നത്തില്‍ ആരെയും ജയിപ്പിച്ച ചരിത്രമില്ല കണ്ണൂര്‍ മണ്ഡലത്തിന്. അതുകൊണ്ട് തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
അവസാന നിമിഷം ഗ്രൂപ്പ് മാറി ഐ വിഭാഗത്തിനൊപ്പം ചേര്‍ന്ന സതീശന്‍ പാച്ചേനിയോട് എ വിഭാഗത്തിനുളള അമര്‍ഷവും പി കെ രാഗേഷ് ഉയര്‍ത്തുന്ന വിമത നീക്കവും യുഡിഎഫിന് കടുത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ആത്മ ശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. കഴിഞ്ഞ തവണ എ പി അബ്ദുളളക്കുട്ടിയോട് 6443 വോട്ടുകള്‍ക്ക് പരാജയപ്പെട്ട കടന്നപ്പളളി രാമചന്ദ്രന്‍ രണ്ടാം അങ്കത്തില്‍ തികഞ്ഞ ശുഭ പ്രതീക്ഷയിലാണ്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ച 1029 വോട്ടുകളുടെ ഭൂരിപക്ഷവും എല്‍ഡിഎഫിന്റ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
2011ല്‍ 4568 വോട്ടുകള്‍ നേടിയ ബിജെപി തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് നില 8969 ആയി ഉയര്‍ത്തിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായ കെ ജി ബാബുവിനെ രംഗത്തിറക്കി മണ്ഡലത്തില്‍ മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.