ദിലീപിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷ മാറ്റിവെച്ചു
|ദിലീപിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷയില്‍ കോടതി കസ്റ്റഡി കാലാവധിക്ക് ശേഷം വിധി പറയും.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി കസ്റ്റഡി കാലാവധിക്ക് ശേഷം വിധി പറയും. ദിലീപിനെ കൂടുതല്‍ ചോദ്യംചെയ്യാന്‍ ആലുവ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി.
ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ ചോദ്യംചെയ്യാനായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ വാദമാണ് കോടതി അംഗീകരിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞത്. പ്രതിയുടെ വിശ്വാസയോഗ്യമല്ലാത്ത മൊഴി കണക്കിലെടുത്താണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ദിലീപിന്‍റെ പ്രധാന ആരോപണം. അഡ്വ. രാംകുമാറാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായത്. ദിലീപിനെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതും പൊള്ളയായതുമാണെന്ന് അഡ്വ രാംകുമാര്‍ വാദിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന 19 തെളിവുകള്‍ ദിലീപുമായി ബന്ധമുള്ളതല്ല. ആദ്യ കുറ്റപത്രത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന നടന്നതായി പറയപ്പെടുന്ന അബാദ് ഹോട്ടലില്‍ വേറെയും താരങ്ങളുണ്ടായിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും രാംകുമാര്‍ വ്യക്തമാക്കി.
എന്നാല്‍ ഇപ്പോള്‍ ജാമ്യം നല്‍കരുതെന്നും പ്രതി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പൊലീസ് വാദിച്ചത്. ജാമ്യാപേക്ഷ പൊലീസ് കസ്റ്റഡി കാലാവധിക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.