Kerala
കുമ്പളം ടോള്‍ പ്ലാസ വികസനം:  പ്രദേശവാസികള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍കുമ്പളം ടോള്‍ പ്ലാസ വികസനം: പ്രദേശവാസികള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍
Kerala

കുമ്പളം ടോള്‍ പ്ലാസ വികസനം: പ്രദേശവാസികള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

Sithara
|
3 May 2018 5:48 AM GMT

1971ല്‍ തന്നെ 45 മീറ്റര്‍ വീതിയില്‍ ദേശീയ പാതക്ക് ഭൂമി വിട്ടുകൊടുത്തവർ കുമ്പളം ടോള്‍ പ്ലാസ വികസിപ്പിക്കാന്‍ വീണ്ടും ഭൂമി വിട്ടുകൊടുക്കണമെന്നാണ് ദേശീയപാത വികസന അതോറിറ്റി ആവശ്യപ്പെടുന്നത്

ദേശീയപാതാ വികസനത്തിന് വർഷങ്ങള്‍ക്ക് മുന്‍പ് ഭൂമി വിട്ടുകൊടുത്തവർ ടോള്‍ പ്ലാസ വികസനത്തിന്റെ പേരില്‍ വീണ്ടും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍. 1971ല്‍ തന്നെ 45 മീറ്റര്‍ വീതിയില്‍ ദേശീയ പാതക്ക് ഭൂമി വിട്ടുകൊടുത്തവർ കുമ്പളം ടോള്‍ പ്ലാസ വികസിപ്പിക്കാന്‍ വീണ്ടും ഭൂമി വിട്ടുകൊടുക്കണമെന്നാണ് ദേശീയപാത വികസന അതോറിറ്റി ആവശ്യപ്പെടുന്നത്. ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി ദേശീയപാത അതോറിറ്റി മുന്നോട്ട് പോകുകയാണെങ്കില്‍ എഴുപതോളം കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടും.

കേരളത്തില്‍ പലയിടത്തും ദേശീയ പാതകക്കായി 30 മീറ്ററിലധികം ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നില്ല. എന്നാല്‍ 45 മീറ്റർ വീതിയില്‍ പാത വികസിപ്പിക്കാന്‍ 1971 ല്‍ തന്നെ വിട്ട് നല്‍കിയവരാണ് കൊച്ചിയിലെ കുമ്പളത്തുകാര്‍. ഭൂമി കൊടുത്തതോടെ പലരും മൂന്നും നാലും സെന്റിലേക്ക് ചുരുങ്ങി. ടോള്‍ പ്ലാസക്ക് കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും വാഹന പാര്‍ക്കിങ്ങിനുമായി നാലരയേക്കര്‍ ഭൂമിയേറ്റെടുക്കാനാണ്
ദേശീയ പാത അതോറിറ്റിയുടെ ഇപ്പോഴത്തെ നീക്കം. എഴുപതോളം വീടുകളും 20 വാണിജ്യ സ്ഥാപനങ്ങളും മൂന്ന് ആരാധാനലയങ്ങളും ഇതോടെ ഇല്ലാതാവും.

ദേശീയപാതയ്ക്ക് ഇരുവശവും 35 മീറ്റര്‍ വീതി കൂട്ടാനാണ് കമ്പനി തീരുമാനം. എന്നാല്‍ ഒരു വശത്ത്‌‌‌‌ റെയില്‍വെ ഭൂമിയായതിനാല്‍ ഇത് പ്രായോഗിമല്ലെന്ന് സമര സമിതി പറയുന്നു. 17 കിലോമീറ്റര്‍ ദൂരപരിധിയുള്ള ദേശീയ പാത ടോള്‍ പിരിക്കാന്‍ നാലരയേക്കര്‍ സ്ഥലത്ത് ടോള്‍ പ്ലാസ നിര്‍മ്മിക്കണമെന്നാണ് ടോള്‍ കമ്പനിയുടെ ആവശ്യം. ടോള്‍ കമ്പനിക്ക് വേണ്ടി ഭൂമി എറ്റെടുത്ത് തെരുവിലിറക്കുന്നതിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍. സ്ഥലം എംപിയും എംഎല്‍എയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Tags :
Similar Posts