തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്
|വലിയകുളം സീറോജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് കോടതി ഉത്തരവിട്ടത്.
തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോട്ടയം വിജിലന്‍സ് കോടതി. സീറോ ജെട്ടി വലിയകുളം റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട് നടത്തിയതായി വിജിലന്‍സ് ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച്ചക്കുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
കോട്ടയം വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണത്തിലാണ് റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഇന്ന് കോട്ടയം വിജിലന്‍സ് എസ്പി നേരിട്ടെത്തി കോടതിയില്‍ നല്‍കി. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അടുത്ത 18ന് കേസ് പരിഗണിക്കുബോള്‍ ഹാജരാക്കമെന്നും പറഞ്ഞു. 2008ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഗൂഢാലോചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാനാണ്
ഉത്തരവിട്ടിരിക്കുന്നത്.
തോമസ് ചാണ്ടിയെ കൂടാതെ മുന്‍ ജില്ലാ കലക്ടര്‍മാരടക്കം വീഴ്ച വരുത്തിയതായും വിജിലന്‍സ് ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് മാസം മുന്‍പ് കേസ് പരിഗണിച്ച കോടതി തോമസ് ചാണ്ടിയുടെ മറ്റ് കേസുകളുമായി ഈ കേസിന് ബന്ധമില്ലെന്ന് കണ്ടെത്തിയതോടെയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിടാന്‍ തീരുമാനിച്ചത്.