മലയോര ഹൈവെയുടെ പേരില്‍ സി.പി.എമ്മും കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുന്നു
|സര്‍ക്കാര്‍ നടപടിയില്‍ പ്രതിക്ഷേധിച്ച് 29ന് ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തിലും ചെറുപുഴ പഞ്ചായത്തിലും യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്...
കണ്ണൂരില്‍ മലയോര ഹൈവെ പദ്ധതിയുടെ പേരില്‍ സി.പി.എമ്മും കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുന്നു. പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പരസ്യ പ്രതിക്ഷേധവുമായി രംഗത്തെത്തി. എന്നാല്‍ പദ്ധതി ഉപേക്ഷിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ജില്ലയിലെ ചെറുപുഴ മുതല്‍ വളളിത്തോട് വരെ 59.4 കിലോമീറ്ററില്‍ മലയോര ഹൈവേക്ക് അനുമതി നല്‍കിയത്. 237.2 കോടി രൂപയായിരുന്നു നിര്‍മ്മാണച്ചിലവ്. പദ്ധതിയുടെ കരാര്‍ ലഭിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ മാസം മൂന്നിന് പദ്ധതി താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്തയച്ചതോടെയാണ് ഹൈവെ നിര്‍മ്മാണം അനിശ്ചിതത്വത്തിലായത്. പദ്ധതി അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വം പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തി കഴിഞ്ഞു.
സര്‍ക്കാര്‍ നടപടിയില്‍ പ്രതിക്ഷേധിച്ച് 29ന് ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തിലും ചെറുപുഴ പഞ്ചായത്തിലും യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പദ്ധതി ഉപേക്ഷിച്ചെന്ന പ്രചാരണം വാസ്തവവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണന്ന് സി.പി.എം പറയുന്നു. എന്തായാലും പദ്ധതി സംബന്ധിച്ച് അനിശ്ചിതത്വം രൂപപ്പെട്ടതോടെ കരാറുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.