എം ആര്‍ രാംദാസിനെതിരെ കാപ്പ ചുമത്തും
|തൃശ്ശൂര്‍ അയ്യന്തോളിലെ ഫ്ലാറ്റില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ കെപിസിസി സെക്രട്ടറി എംആര്‍ രാംദാസിനെതിരെ കൊലക്കുറ്റം ചുമത്തും
തൃശ്ശൂര്‍ അയ്യന്തോളിലെ ഫ്ലാറ്റില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ കെപിസിസി സെക്രട്ടറി എംആര്‍ രാംദാസിനെതിരെ കൊലക്കുറ്റം ചുമത്തും. കേസിലെ മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് റഷീദും കാമുകിയും ചേര്‍ന്ന് യുവാവിനെ രാംദാസിന്റെ സാന്നിധ്യത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. നിരവധി കേസുകളില്‍ പ്രതിയായ രാംദാസിനെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ തുടങ്ങി.
റഷീദിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഷൊര്‍ണൂര്‍ സ്വദേശി സതീശനാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതിയും യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റുമായിരുന്ന റഷീദിനെ ചേദ്യം ചെയ്തതില്‍ നിന്നാണ് അതിക്രൂരമായ മര്‍ദ്ദനമേറ്റാണ് സതീശ് മരിച്ചതെന്ന് വ്യക്തമായത്. സംഭവത്തില്‍ റഷീദിന്റെ അടുത്ത സുഹൃത്ത് കൃഷ്ണപ്രസാദ്, കാമുകി ശാശ്വതി എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ശാശ്വതിയും റഷീദും തമ്മിലുള്ള അവിഹിത ബന്ധവും റഷീദിന്റെ മാഫിയ ബന്ധങ്ങളും സതീശ് മറ്റ് സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ട് ദിവസം വെള്ളവും ഭക്ഷണവും നല്കാതെ കക്കൂസില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചെന്നും റഷീദ് പോലീസിന് മൊഴി നല്‍കി. കോണ്‍ഗ്രസ് നേതാവ് രാംദാസിന്റെ സാന്നിധ്യത്തിലും സതീശനെ മര്‍ദ്ദിച്ചിരുന്നതായി തെളിവ് ലഭിച്ചു.
പ്രതികളെ സഹായിച്ചു, തെളിവ് നശിപ്പിച്ചു എന്നീ വകുപ്പുകളാണ് നിലവില്‍ രാംദാസിനെതിരെ ചുമത്തിയിട്ടുള്ളത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തി നാലാം പ്രതിയാക്കുവാനാണ് സാധ്യത.