മാണിയെ തിരിച്ചുവിളിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം
|പിന്നാലെ നടന്ന് മാണി വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കേണ്ടെന്ന നിലപാടിലാണ് മധ്യകേരളത്തില്‍ നിന്നുള്ള പ്രധാന നേതാക്കള്‍
കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പം. പിന്നാലെ നടന്ന് മാണി വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കേണ്ടെന്ന നിലപാടിലാണ് മധ്യകേരളത്തില്‍ നിന്നുള്ള പ്രധാന നേതാക്കള്‍. ഈ പശ്ചാത്തലത്തില്‍ കെ എം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എം എം ഹസന് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് മധ്യസ്തത വഹിക്കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി മീഡിയവണിന്റെ വ്യൂ പോയിന്റില്‍ പറഞ്ഞു.
മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് രാഷ്ട്രീയം കെ എം മാണിയില്‍ ചുറ്റിക്കറങ്ങുകയാണ്. കേരളാ കോണ്‍ഗ്രസ് എമ്മിനെ ഉടന്‍ യുഡിഎഫില്‍ എത്തിക്കണമെന്ന നിലപാടിലായിരുന്നു മുന്നണിയിലെ കക്ഷികളും പ്രധാനപ്പെട്ട നേതാക്കളും. എന്നാല്‍ കെപിസിസി നേത്യയോഗത്തില്‍ എം എം ജേക്കബ്, പി ടി തോമസ്, ജോസഫ് വാഴക്കന് തുടങ്ങിയ നേതാക്കള്‍ മാണിയുടെ പിന്നാലെ പോകേണ്ട ആവിശ്യമില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. ഇതോടെ മുന്‍പ് പറഞ്ഞത് വിഴുങ്ങി മാണിയെ ക്ഷണിച്ചിട്ടില്ലെന്ന് എം എം ഹസന് പറയേണ്ടി വന്നു.
മടങ്ങി വന്നാല്‍ സ്വീകരിക്കാമെന്ന പൊതു തീരുമാനത്തിലാണ് കെപിസിസി നേത്യയോഗം എത്തിയത്. ഇതിനിടെ ലീഗ് മാണിയെ യുഡിഎഫ് പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. ചര്‍ച്ചകള്‍ക്ക് മധ്യസ്തത വഹിക്കാമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് വ്യക്തമാക്കി. കോണ്‍ഗ്രസും ലീഗും നിലപാട് പറഞ്ഞെങ്കിലും മറ്റ് കക്ഷികള്‍ വെള്ളിയാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും മാണിയോടുള്ള സമീപനകാര്യത്തില്‍ അഭിപ്രായം പറയുക.