വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെ; അനുമതി നിഷേധിച്ച ഉത്തരവ് പുറത്ത്
|കൊല്ലം പരവൂരില്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തില്‍ 85 ലേറെ പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെ ആണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
കൊല്ലം പരവൂരില്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തില്‍ 85 ലേറെ പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെ ആണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ദേവസ്വം ഭാരവാഹികള്‍ വെടിക്കെട്ട് നടത്തുന്നതിനായി സമര്‍പ്പിച്ച അപേക്ഷ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ശേഷം തള്ളിയിരുന്നു.
സാധാരണ വെട്ടിക്കെട്ടല്ല, മത്സര കമ്പക്കെട്ടാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അപകട സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വെടിക്കെട്ട് അനുമതി നിഷേധിച്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് ഇവിടെ വെടിക്കെട്ട് നടത്തിയത്. അതുകൊണ്ട് തന്നെ കര്‍ശന നിയമ നടപടികളിലേക്കാണ് അധികൃതര്‍ നീങ്ങുന്നത്.
പതിറ്റാണ്ടുകളായി മത്സര വെടിക്കെട്ട് നടക്കുന്ന ക്ഷേത്രമാണിത്. ഇതിനു അനുമതി നൽകരുതെന്ന് ഇത്തവണ നാട്ടുകാരായ നിരവധി പേർ പൊലിസിനും ജില്ലാ ഭരണകൂടത്തിനും നിവേദനം നൽകിയിരുന്നു . അതിന്റെ അടിസ്ഥാനത്തിൽ അനുമതി നിഷേധിക്കുകയും ചെയ്തു. എന്നാൽ , ക്ഷേത്രആചാരത്തിന്റെ ഭാഗമായി വെടിക്കെട്ട് കൂടിയേ തീരൂ എന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് സമ്മർദ്ദം ഉണ്ടായി. വെടിക്കെട്ടിന് അനുകൂലമായും പ്രതികൂലമായും പ്രചാരണം നടന്നിരുന്നു.
വെടിക്കെട്ടിന് അനുമതി നിഷേധിക്കാന്‍ എഡിഎം ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ ഇവയാണ്.
1. അപേക്ഷയില്‍ സൂചിപ്പിച്ച 12 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ മാത്രമായിരിക്കില്ല വെടിക്കെട്ടിന് ഉപയോഗിക്കുക.
2. കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നത് സ്ഫോടക ദുരന്തത്തനിടയാക്കാനുള്ള സാധ്യതയുണ്ട്.
3. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് 60 മീറ്റര്‍ ചുറ്റളവിലുള്ള 11 വീടുകളില്‍ നിന്ന് ക്ഷേത്രംഭരണ സമിതി അനുമതി പത്രം വാങ്ങിയിട്ടില്ല.
4,. അളവില്‍ കൂടുതല്‍ കരിമരുന്ന് പ്രയോഗിക്കുന്നത് കാരണം സമീപത്തുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
5. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുമ്പോള്‍ വീടിനും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും തകരാറ് സംഭവിക്കുന്നതായി ചുറ്റുമുള്ള വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ളതിനാല്‍ വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുന്നതായി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പങ്കജാക്ഷി നല്‍കിയ പരാതിയില്‍ തഹസീല്‍ദാര്‍ അന്വേഷണം നടത്തിയിരുന്നു.
6. ഗര്‍ഭിണികള്‍ക്കും, കുട്ടികള്‍ക്കും ഹൃദ്രോഗികള്‍ക്കും മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതായാണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
7. വെടിക്കെട്ട് നടത്തുന്നതിന് ക്ഷേത്ര ഭാരവാഹികള്‍ ഉണ്ടാക്കിയ കരാറുകള്‍ അനുമതി അപേക്ഷയില്‍ മറച്ചുവെച്ചതായി ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലും മത്സര വെടിക്കെട്ടിന് അനുമതി നല്‍കാനാവില്ലെന്നും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2008 ലെ സ്ഫോടക നിയമപ്രകാരമുള്ള നടപടികള്‍യെടുക്കുമെന്നും എഡിഎമ്മിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിരോധന ഉത്തരവ് ലംഘിച്ച് നടത്തിയ വെടിക്കെട്ടാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്.