എംആര്‍ വാക്സിനെടുത്തത് മൂലം അസുഖം വന്നെന്ന പ്രചരണം തെറ്റെന്ന് ഡോക്ടര്‍മാര്‍
|അപൂര്‍വ്വമായി കുട്ടികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ എന്‍സഫലൈറ്റ്സ് എന്ന രോഗമാണ് ഈ കുട്ടിയെ ബാധിച്ചത്. വാക്സിനെടുത്തതിന് ശേഷം അസുഖം വന്നത് യാദൃശ്ചികമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു
മീസ്സെല്‍സ് റൂബെല്ല വാക്സിന്‍ കുത്തിവെപ്പെടുത്തത് മൂലം അസുഖം ബാധിച്ചെന്ന ആരോപണം തെറ്റാണെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. കുത്തിവെപ്പ് എടുത്തതിനെ തുടര്‍ന്നു സംസ്ഥാനത്ത് അസുഖം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കുത്തിവെപ്പിനെ കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കാന്‍ ബോധവല്‍കരണം തുടരുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിക്ക് വാക്സിന്‍ കുത്തിവെപ്പിനെ തുടര്‍ന്ന് അസുഖം ബാധിച്ചുവെന്നായിരുന്നു ആരോപണം. അപൂര്‍വ്വമായി കുട്ടികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ എന്‍സഫലൈറ്റ്സ് എന്ന രോഗമാണ് ഈ കുട്ടിയെ ബാധിച്ചത്. വാക്സിനെടുത്തതിന് ശേഷം അസുഖം വന്നത് യാദൃശ്ചികമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ അസുഖം ബാധിച്ച് നിരവധി കുട്ടികള്‍ ചികിത്സതേടിയെത്താറുണ്ടെന്നും മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ശിശുരോഗവിദഗ്ദന്‍ ഡോ. മോഹന്‍ദാസ് നായര്‍ പറഞ്ഞു.
എം ആര്‍ വാക്സിനെടുത്തതിന് ശേഷം വരുന്ന പാര്‍ശ്വഫലങ്ങളെ കൃത്യമായി ആരോഗ്യവകുപ്പ് വിശകലനം ചെയ്യുന്നുണ്ട്. വാക്സിന്‍ കുത്തിവെപ്പ് മൂലമല്ല അസുഖം ബാധിച്ചതെന്ന് ഈ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം നടത്തിയ പരിശോധനകളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിനെ ബാധിക്കുന്ന അസുഖമാണ് ഓട്ടോ ഇമ്മ്യൂണ്‍ എന്‍സഫലൈറ്റിസ്.