റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊല: സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശത്തില്‍ ജസ്റ്റിസ് ഉബൈദിന് അസംതൃപ്തി
|ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശത്തില്‍ ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദ് അസംതൃപ്തി രേഖപ്പെടുത്തി.
ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശത്തില്‍ ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദ് അസംതൃപ്തി രേഖപ്പെടുത്തി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പിഴവുണ്ടെങ്കില്‍ അത് തിരുത്തേണ്ടത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചോ സുപ്രീം കോടതിയോ ആണ്. സിംഗിള്‍ ബെഞ്ചിന് വിമര്‍ശനമുന്നയിക്കാന്‍ അധികാരമില്ലെന്നും ജസ്റ്റിസ് ഉബൈദ് പറഞ്ഞു.
അഡ്വ. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തള്ളിയ സിംഗിള്‍ ബെഞ്ച് ജസ്റ്റീസ് ഉബൈദിനെ വിമര്‍ശിച്ചു എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. എങ്ങനെയാണ് ഒരു സിംഗിള്‍ ബെഞ്ച് മറ്റൊരു സിംഗിള്‍ ബെഞ്ചിനെ വിമര്‍ശിക്കുകയെന്ന് ജസ്റ്റിസ് ഉബൈദ് ചോദിച്ചു. സെഷന്‍സ് കോടതി വിധിയില്‍ വേണമെങ്കില്‍ മേല്‍ക്കോടതിക്ക് ഇടപെടാം. സിംഗിള്‍ ബെഞ്ചിനെ മറ്റൊരു സിംഗിള്‍ ബെഞ്ചിന് ഒന്നും ചെയ്യാനാവില്ല. ഡിവിഷന്‍ ബെഞ്ചിനോ സുപ്രിംകോടതിക്കോ ആണ് ഇടപെടാന്‍ കഴിയുക? ചീഫ് ജസ്റ്റീസ് അടക്കം എല്ലാവരും ജസ്റ്റിസുമാരാണ്. ചീഫ് ജസ്റ്റീസിന് മറ്റു ചില ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ടെന്ന് മാത്രം. കഴിഞ്ഞ ദിവസത്തെ സിംഗിള്‍ ബെഞ്ച് വിധിയിലെ വിമര്‍ശനം അംഗീകരിക്കാനാവാത്തതാണ്. കഴിഞ്ഞ ദിവസത്തെ വാര്‍ത്ത കണ്ടവര്‍ ഞാന്‍ എന്തോ താഴെയാണെന്ന് വിചാരിക്കും. ആരും ആര്‍ക്കും താഴെയല്ല. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയ്യതി താന്‍ തീരുമാനിച്ചതല്ല. കേസിലെ എല്ലാ കക്ഷികളോടും സംസാരിച്ച് അവര്‍ക്ക് അനുയോജ്യമായ ഒരു തീയ്യതിയാണ് എടുത്തതെന്നും ജസ്റ്റിസ് ഉബൈദ് പറഞ്ഞു.
കൊല്ലത്ത് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിലെ അധ്യാപികമാരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് നിര്‍ത്തി തുറന്ന കോടതിയില്‍ ജസ്റ്റിസ് ഉബൈദിന്‍റെ പരാമര്‍ശങ്ങള്‍.