ഗെയില്‍ സമരം: സര്‍വ്വകക്ഷി യോഗം ഇന്ന്
|ഗെയില്‍ പദ്ധതിക്കെതിരായ സമരം ഒത്തുതീര്‍ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് കോഴിക്കോട് ചേരും.
ഗെയില്‍ പദ്ധതിക്കെതിരായ സമരം ഒത്തുതീര്‍ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് കോഴിക്കോട് ചേരും. ജനപ്രതിനിധികള്‍, സമര സമിതി പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വ്യവസായ വകുപ്പാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് എരഞ്ഞിമാവ് സന്ദര്‍ശിക്കും.
പ്രതിഷേധം, സംഘര്‍ഷം, പോലീസ് നടപടി, വാക് പോര്.. എല്ലാത്തിനും ശേഷം സമരക്കാരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വ്യവസായ മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. സമര സമിതിയെ ആദ്യം യോഗത്തിലേക്ക് ക്ഷണിക്കാതിരുന്ന സര്‍ക്കാര്‍ നടപടി വിവാദമായതോടെ രണ്ട് പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജി അക്ബര്‍, അബ്ദുല്‍ കരീം എന്നിവര്‍ സമര സമിതിയെ പ്രതിനിധീകരിച്ച് സര്‍വ്വകക്ഷി യോഗത്തിനെത്തും. ഗ്യാസ് പൈപ്പ് ലൈന്‍ കടന്നു പോകുന്ന ഭാഗങ്ങളിലെ ജനപ്രതിനിധികളും ഗെയില്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
വിരട്ടാന്‍ നോക്കണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ സമര സമിതിക്കും പ്രതിപക്ഷത്തിനും കടുത്ത വിയോജിപ്പുണ്ട്. പൈപ്പ് ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റണമെന്ന സമര സമിതിയുടെ ആവശ്യം അംഗീകരിക്കപ്പെടാന്‍ ഇടയില്ല. ഭൂവുടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരമെന്ന നിര്‍ദേശമാവും സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുക. ഇതിനോട് സമര സമിതി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് പ്രധാനം. അതിനിടെ രമേശ് ചെന്നിത്തല ഇന്ന് എരഞ്ഞിമാവിലെ സമരഭൂമി സന്ദര്‍ശിക്കും.